ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ലൈഫ് മാക്‌സ് ക്യാന്‍സര്‍ ലബോറട്ടറിയുടെ 500 മില്ലിഗ്രാമിന്റെ കാല്‍സ്യം ഗുളികകളും വിറ്റാമിന്‍ ഡി3 ഗുളികകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് . സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
3000 മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച 49ഓളം മരുന്നുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടിലുളളത്.വ്യാജ കമ്പനികള്‍ നിര്‍മിച്ച നാല് മരുന്നുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം മരുന്നുകള്‍ എത്രയും വേഗം തന്നെ മരുന്നുവില്‍പ്പനശാലകളില്‍ നിന്നും സിഡിഎസ്സിഒ തിരികെ വിളിച്ചിട്ടുണ്ട്.
മരുന്നുകളില്‍ വെറും ഒരു ശതമാനമാണ് ഗുണനിലവാരമല്ലാത്തതായി കണ്ടെത്തിയിരിക്കുന്നതെന്ന് സിഡിഎസ്സിഓയുടെ മേധാവി രാജീവ് സിംഗ് രഘുവന്‍ഷി ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സിന്റെ മെട്രോണിഡാസോള്‍ ഗുളികകളും റെയിന്‍ബോ ലൈഫ് സയന്‍സസ് കമ്പനിയുടെ ഡോംപെരിഡോണ്‍ ഗുളികകളും പുഷ്‌കര്‍ ഫാര്‍മ കമ്പനിയുടെ ഓക്ടോസിന്‍ ഇഞ്ചെക്ഷനുമാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മറ്റ് മരുന്നുകള്‍.
സ്വിസ് ബയോടെക് പാരന്ററല്‍സിന്റെ മെറ്റ്ഫോര്‍മിന്‍ ഗുളികയും, ആല്‍കെം ലാബിന്റെ പാന്‍ 40യും കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസിക്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോളിന്റെ പേരും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Discussion about this post