ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് ഡല്‍ഹിയില്‍ വ്യവസായിയില്‍ നിന്നും അഞ്ചുകോടി രൂപ തട്ടാന്‍ നീക്കം . വ്യവസായിയുടെ സന്ദേശം ലഭിച്ചെത്തിയ വക്കീലിന്റെ ഇടപെലിലാണ് ഈ നീക്കം തകര്‍ന്നത്. ഒക്ടോബര്‍ 21-ന് രാത്രിയോടെ ഛത്തര്‍പുരിലെ ഡി.എല്‍.എഫ്. ഫാംസിലെ വ്യവസായിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഏഴുപേരടങ്ങിയ സംഘമാണ് ഇഡി വേഷത്തിലെത്തി വ്യവസായിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.
വലിയ തോതിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് എത്തിയത് എന്നാണ് സംഘം വ്യവസായിയെ ധരിപ്പിച്ചത്. ഇത് തെളിയിക്കാനായി വ്യവസായിയുടെ പഴയ ബാങ്ക് അക്കൗണ്ടിന്റെ കുറച്ച് ചെക്കുകളും കാണിച്ചു. ഏഴുപേരില്‍ നാലുപേര്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ മൂന്നുപേര്‍ മാസ്‌ക് ധരിച്ചിരുന്നില്ല.
രാത്രി വൈകുവോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അഞ്ചുകോടി തന്നാല്‍ കേസ് ആരുമറിയാതെ അവസാനിപ്പിക്കാം എന്നായി സംഘം. കൈയില്‍ കാശില്ലെന്നും ബാങ്കില്‍ നിന്ന് എടുക്കേണ്ടിവരുമെന്നും പറഞ്ഞതോടെ സംഘം രാത്രി മുഴുവന്‍ വ്യവസായിയുടെ വീട്ടില്‍ തന്നെ കഴിയാന്‍ തയ്യാറായി. രാവിലെ ഇവര്‍ വ്യവസായിയുമായി ഹൗസ് ഖാസിലുള്ള കൊടാക് മഹിന്ദ്ര ബാങ്കിലെത്തി.
ഇതിനിടെ വ്യവസായി ഇഡി പരിശോധനയെക്കുറിച്ച് തന്റെ അഭിഭാഷകന് മെസേജ് അയച്ചിരുന്നു. അറിഞ്ഞ സംഭവങ്ങളില്‍ പന്തികേടുതോന്നിയ അഭിഭാഷകന്‍ ശരിക്കുള്ള ഇഡി ഓഫീസുമായി ബന്ധപ്പെട്ടു. ഇതോടെയാണ് സംഭവം നാടകമാണ് എന്ന് മനസിലായത്. തുടര്‍ന്ന് ബാങ്കിലെത്തിയ അഭിഭാഷകന്‍ മോഷ്ടാക്കളോട് ഐ.ഡി. കാര്‍ഡ് ആവശ്യപ്പെട്ടു. തങ്ങളുടെ പദ്ധതി പാളിയെന്ന് മനസ്സിലായ മോഷ്ടാക്കള്‍ ബാങ്കില്‍നിന്നും ഓടി രക്ഷപ്പെട്ടു.







