തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പഠനവും അതിനെ തുടർന്നുള്ള കുടിയേറ്റവും ലക്‌ഷ്യം വച്ച് പരിശ്രമിക്കുന്ന നിരവധി പേരാണ് ഇന്ത്യയിലുള്ളത്. അതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അത് കൊണ്ട് തന്നെ കൂൺ പോലെയാണ് വിദേശ രാജ്യത്തേക്കുള്ള റിക്രൂട്മെന്റ് സ്ഥാപനങ്ങൾ കേരളത്തിൽ മുളച്ചു പൊന്തുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗത്തിനും ലൈസൻസ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡിപ്പാർട്മെന്റ് ഓഫ് നോൺ റെസിഡന്റ് കേരളൈറ്റ് അഫയേസ് അഥവാ നോർക്ക.
സംസ്ഥാനത്തു മാത്രം ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് സി ശ്യാംചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്നും നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജന്‍സികളുടെ കണ്‍സല്‍റ്റേഷന്‍ യോഗം വിലയിരുത്തി. അതേസമയം എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ നടത്തുന്ന വിദേശ റിക്രൂട്ട്മെന്റുകള്‍ക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കാൻ കഴിയാത്തതിന് കാരണവും നിയമപരമായ പരിമിതികളാണെന്നും നോർക്ക വ്യക്തമാക്കി.
Discussion about this post