കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ വിദേശ നിര്‍മ്മിത വ്യാജ ഇന്ത്യന്‍ സിഗററ്റും ഒഴുകുന്നു. ഇത്തരത്തിലുള്ള രണ്ടര ടണ്‍ സിഗരറ്റാണ് കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞദിവസം കത്തിച്ചുകളഞ്ഞത്.അമ്പലമേടിലെ മാലിന്യസംസ്‌കരണ കമ്പനിയായ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഇന്‍സിനറേറ്ററില്‍ വെള്ളിയാഴ്ചയായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ സിഗററ്റ് കത്തിക്കല്‍.
68 ശതമാനം നികുതിയാണ് ഇന്ത്യയില്‍ സിഗററ്റിന്. വിദേശത്ത് ഇന്ത്യയേക്കാള്‍ നിര്‍മ്മാണച്ചെലവ് തീരെ കുറവുമാണ്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഗോള്‍ഡ് ഫ്‌ളേക്ക് വ്യാജന്‍ കള്ളക്കടത്ത് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ബാഗേജുകളില്‍ ഒളിപ്പിച്ചാണ് കടത്ത്.
സിഗററ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാന്‍സര്‍ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാനാകൂ. ഇവയെല്ലാം അച്ചടിച്ചാണ് ഇത്തരത്തിലുള്ള വിദേശവ്യാജ സിഗററ്റുകകളും എത്തുന്നത്.
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സിഗരറ്റ് കടത്ത്. പതിനായിരത്തോളം സിഗരറ്റ് പെട്ടികളാണ് ഇത്തരത്തില്‍ ലോറിയില്‍ ഐലന്‍ഡിലെ ഗോഡൗണില്‍നിന്ന് കത്തിക്കാനായി എത്തിച്ചത്. പ്രമുഖ ബ്രാന്‍ഡായ ഗോള്‍ഡ് ഫ്‌ളേക്കിന്റെ കിംഗ് സൈസ് റെഡ്, ബ്‌ളൂ ബ്രാന്‍ഡുകളുടെ വ്യാജനാണ് ഇവ.
Discussion about this post