ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നൽകിയിരിക്കുകയാണ് കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മന്ത്രാലയത്തിന്റെ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, 14സി എന്നും അറിയപ്പെടുന്നു. കുറ്റകൃത്യങ്ങൾ സംഘത്തെ അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 6,000 ത്തിലധികം ഡിജിറ്റൽ അറസ്റ്റ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ വ്യാജമായി ചമച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടെന്ന് ലക്ഷ്യമിടുന്ന വ്യക്തികളെ അറിയിച്ചാണ് സംഘം പണം തട്ടുന്നത്. സംശയാസ്പദമായ വ്യക്തികളെ ലക്ഷ്യമിടുന്ന അഴിമതിയുമായി ബന്ധപ്പെട്ട് ’14 സി’ ഇതുവരെ 6 ലക്ഷം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ് വ്യാപകമായതോടെ തട്ടിപ്പുകൾക്ക് തടയിടാൻ ഇത്തരം വ്യാജ പോലീസ് നോട്ടീസുകൾ തിരിച്ചറിയാനുള്ള അഞ്ച് കുറുക്കുവഴികൾ നിർദ്ദേശിച്ചിരിക്കുകയാണ് ടെലികോം മന്ത്രാലയം. 24 മണിക്കൂറോ 48 മണിക്കൂറോ പോലുള്ള നിശ്ചിത സമയത്തിനകം റിപ്ലൈ ചെയ്തില്ലെങ്കിൽ/പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസിൻറെ പേരിലുള്ള നോട്ടീസിൽ കണ്ടാൽ ആ കത്ത് വ്യാജമാണ് ഉറപ്പിച്ചോളൂ. അന്വേഷണ ഏജൻസികൾ നോട്ടീസുകൾ വഴി ആരെയും ഇത്തരം ഭീഷണികൾ അറിയിക്കാറില്ല. മറുപടിയോ പണമോ നൽകിയില്ലെങ്കിൽ കുറ്റവാളികളുടെ പട്ടികയിൽ നിങ്ങളുടെ പേര് പ്രസിദ്ധീകരിക്കും എന്ന തരത്തിൽ ഭീഷണികളുള്ള നോട്ടീസുകളും വ്യാജമാണ് എന്ന് ഉറപ്പിക്കാം.
ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന സാങ്കേതികപദങ്ങൾ നോട്ടീസിൽ കണ്ടാലും അപകടം തിരിച്ചറിയുക. ആളുകളെ കുഴപ്പിക്കാൻ ഉള്ളതോ ഇല്ലാത്തതോ ആയ വിവിധ വകുപ്പുകൾ നോട്ടീസിൽ ഇത്തരത്തിൽ ചേർക്കുന്നത് തട്ടിപ്പ് സംഘങ്ങളുടെ സ്ഥിരം രീതിയാണ്. ഇല്ലാത്ത ഏജൻസികളുടെയോ വകുപ്പുകളുടെയോ പേരിലുള്ള സീലുകളും മോശം ലോഗോകളും കണ്ടാലും നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാം. ‘സൈബർ സെൽ ഇന്ത്യ’- പോലുള്ള പേരുകളിലാണ് സീൽ ഉള്ളതെങ്കിൽ നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
ഔദ്യോഗികമല്ലാത്ത ഒപ്പുകളാണ് നോട്ടീസ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു സൂചന. ഡിജിറ്റലോ ഒഫീഷ്യലോ ആയ ഒപ്പുകളായിരിക്കും ഔദ്യോഗികമായ എല്ലാ നോട്ടീസുകളിലുമുണ്ടാവുക. നോട്ടീസിൽ നൽകിയിരിക്കുന്ന വിവരങ്ങളും വിലാസവും പരിശോധിച്ചും നോട്ടീസ് വ്യാജമാണോ എന്ന് തിരിച്ചറിയാം. ഔദ്യോഗിക നോട്ടീസുകളിൽ കോൺടാക്റ്റ് നമ്പറും ഔദ്യോഗിക ഇമെയിൽ വിലാസവും വിശദ വിവരങ്ങളറിയാനായി നൽകാറുണ്ട്.
Leave a Comment