എറണാകുളം: ഗിന്നസ് ഭരതനാട്യം പരിപാടിയിലെ സംഘാടക വീഴ്ചയെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എം എൽ എ യുടെ ആരോഗ്യത്തിൽ മികച്ച പുരോഗതി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് ഉമ തോമസ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ഓർമകൾക്ക് മാറ്റമില്ലെന്നതും മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് തൃക്കാക്കര എം എൽ എ ചെയ്യുന്നതും എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ പൂർണ്ണമായി മനസിലാക്കാൻ സമയമെടുക്കുമെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. സമയം എടുത്തെങ്കിലും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ ഉമ തോമസ് മടങ്ങി വരുമെന്നാണ് നിലവിലെ സൂചനകളിൽ നിന്നും മെഡിക്കൽ സംഘം നൽകുന്ന പ്രതീക്ഷ.
‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് ഉമാ തോമസ് മക്കൾക്ക് മലയാളത്തിലും ഇംഗ്ലീഷിലുമായി കുറിപ്പ് എഴുതി നൽകി. ഇതിലൂടെ താൻ ജീവിതത്തിലേക്ക് വൈകാതെ മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൂടിയാണ് കേരളത്തിന് ഉമ തോമസ് നൽകിയത്.
അറ്റകുറ്റപ്പണി പൂർത്തിയാക്കി വാടകവീട്ടിൽ നിന്നും പൈപ്പ് ലൈൻ റോഡിലെ സ്വന്തം വിട്ടീലേക്ക് മടങ്ങാനുള്ള നിർദ്ദേശമാണ് മക്കൾക്ക് ഈ കുറിപ്പിലൂടെ ഉമ തോമസ് നൽകിയത്.
Discussion about this post