മലപ്പുറം: കരുളായിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണത്തിൽ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ മണിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു. കരുളായി വനമേഖലയിൽ വച്ച് രാത്രി ഏഴുമണിയോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് കോളനിയിൽ എത്താനാകുക. ഇത്തരത്തില്‍ കോളനിയിലേക്ക് പോകും വഴിയാണ് സംഭവം.
ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് മണിയെ ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.












