ന്യൂയോർക്ക്: ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ആണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതിന് മുന്നോടിയായി അവസാനവട്ട നിർണായക ചർച്ചകൾക്കായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായാകും ചർച്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. ഇന്ത്യ – അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സള്ളിവന്‍റെ സന്ദർശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഡോവലിന് പുറമെ ഉന്നത ഉദ്യോഗസ്ഥരുമായും സള്ളിവൻ ചർച്ച നടത്തിയേക്കും. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ചകൾ ഉണ്ടാകും.
സള്ളിവൻ്റെ സന്ദർശനത്തിൽ ചൈനീസ് അണക്കെട്ടുകളെക്കുറിച്ചുള്ള ആശങ്കയും ചർച്ചയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ഒഴുകുന്ന യാർലുങ് സാങ്ബോ നദിയിൽ ടിബറ്റിൽ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയെക്കുറിച്ച് ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിൽ അമേരിക്കയുടെ നിലപാട് എന്താകുമെന്നത് സള്ളിവനുമായുള്ള ചർച്ചയിൽ അറിയാനായേക്കും.
സിവിലിയൻ ആണവ സഹകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, സൈനിക ലൈസൻസിംഗ്, ചൈനയുടെ സാമ്പത്തികാവസ്ഥ എന്നിവയും സള്ളിവൻ്റെ അവസാന ഔദ്യോഗിക ഇന്ത്യ സന്ദർശന വേളയിൽ ചർച്ചയാകും. ഡൽഹിയിലെ ഐ ഐ ടിയിൽ ഇന്ത്യയെ കേന്ദ്രീകരിച്ച് നിർണായക വിദേശ നയ പ്രസംഗവും അദ്ദേഹത്തിന്‍റെ സന്ദർശന വേളയിലുണ്ടാകും.
Discussion about this post