ഭോപ്പാൽ : തെളിവുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ പോലീസിന് തുണയായി എത്തിയത് ഈച്ചകൾ . വിചിത്രം എന്ന് തോന്നാം. എന്നാൽ കേസ് തെളിയിക്കാൻ സഹായിച്ചതും കൊലപാതകി ആരാണെന്നും കാണിച്ചു കൊടുത്തതും ഈച്ചകൾ തന്നെയാണ്.
ഒക്ടോബർ 31 -ന് രാവിലെ മദ്ധ്യപ്രദേശിലെ ജബൽപൂരിലെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയിൽ അത് ഒരു ദിവസം മുൻപ് കാണാതായതായി പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മനോജ് താക്കൂർ എന്ന 26 -കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു.
ഇദ്ദേഹത്തെ അവസാനമായി കാണുന്നത് ഒരു വയലിൽ ഇരുന്ന് മദ്യപിക്കുന്നതാണ്. കൂടെ അദ്ദേഹത്തിന്റെ അനന്തരവൻ ധരം സിംഗിനൊപ്പം ആയിരുന്നുവെന്ന് നാട്ടുകാരുടെ മൊഴി. ഇതേ തുടർന്ന് പോലീസ് അയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ, അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.കേസിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴി എടുത്തിരുന്നു. എന്നാൽ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ ഒരിക്കൽ കൂടി അനന്തരവനെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചു വരുത്തി.
ചോദ്യം ചെയ്യുന്നതിനിടയിൽ അയാളിലേക്ക് ഈച്ചകൾ വല്ലാതെ ആകർഷിക്കപ്പെടുന്നതായി പോലീസ് ശ്രദ്ധിച്ചു. ചോദ്യം ചെയ്യലിൽ ഉടനീളം തന്നിൽ നിന്ന് ഈച്ചകളെ അകറ്റാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ സംശയം തോന്നി. ഒടുവിൽ, ഷർട്ട് അഴിച്ച് പോലീസിന് കൈമാറാൻ ധരമിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഫൊറൻസിക് പരിശോധനയിൽ ഷർട്ടിൽ മനുഷ്യരക്തം കണ്ടെത്തി. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവിധം പറ്റിപ്പിടിച്ചിരിക്കുന്ന രക്തമായിരുന്നു ഇത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 19 -കാരൻ കുറ്റം സമ്മതിച്ചു. അന്നേദിവസം മദ്യപിക്കുന്നതിനിടയിൽ മദ്യത്തിനും ഭക്ഷണത്തിനും താൻ ന്യായമായി വിഹിതം നൽകിയില്ല എന്ന് പറഞ്ഞ് മനോജ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തു. അതിൽ ദേഷ്യം കയറി താൻ അയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു.
Discussion about this post