ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 കടന്നു. 14 പാക് സൈനികരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെ 8:45 ഓടെ ആയിരുന്നു ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം ഉണ്ടായത്.
റെയിൽവേ സ്റ്റേഷനിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാകിസ്താനിലെ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. രാവിലെ സ്റ്റേഷനിൽ നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നു സ്ഫോടനം നടന്നത്. പെഷവാറിലേക്കുള്ള ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്ന സമയത്ത് തൊട്ടടുത്ത പ്ലാറ്റ്ഫോമിലാണ് സ്ഫോടനം നടന്നത്.
ക്വറ്റയിൽ നിന്ന് ഗാരിസൺ സിറ്റിയായ റാവൽപിണ്ടിയിലേക്ക് യാത്രചെയ്യാൻ നൂറോളം വരുന്ന യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ യാത്രക്കാരിൽ ചിലരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പാകിസ്താൻ സർക്കാർ അറിയിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ മേഖലയിൽ നിന്നും സൈനിക പരിശീലനം പൂർത്തിയാക്കി പെഷവാറിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തെ ലക്ഷ്യം വച്ചാണ് ബോംബ് സ്ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post