എറണാകുളം : സംസ്ഥാന സ്കൂൾ കായികമേളയിലെ 600 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ രാജൻ എന്ന വിദ്യാർത്ഥിയാണ് ഇപ്പോൾ താരമായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ രാജൻ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയിരുന്നെങ്കിലും അയോഗ്യത കൽപ്പിക്കപ്പെട്ട് പുറത്താവുകയായിരുന്നു. എന്നാൽ അക്കാര്യത്തിൽ വിഷമിച്ചിരിക്കാതെ 600 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ രാജൻ.
മലപ്പുറം കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയാണ് രാജൻ. മാതാപിതാക്കൾ ഉത്തർപ്രദേശ് സ്വദേശികൾ ആണെങ്കിലും രാജൻ ഇതുവരെയും അവിടെ പോയിട്ടില്ല. കുട്ടിക്കാലം മുതൽ തന്നെ ഇവിടെ കേരളത്തിലാണ്. പരിശീലകനായ റിയാസിനോടൊപ്പമാണ് രാജൻ സ്കൂൾ കായികമേളയ്ക്ക് എത്തിയിരുന്നത്. ഇരട്ട മെഡൽ നേട്ടമായിരുന്നു സ്വപ്നം.
സബ്ജൂനിയർ വിഭാഗം 400 മീറ്ററിൽ രാജൻ സ്വർണ്ണം നേടിയെങ്കിലും ട്രാക്കിലെ ലൈനിൽ കാൽമുട്ടി എന്ന മറ്റൊരു സ്കൂളിന്റെ പരാതിയിൽ പിന്നീട് അയോഗ്യത കല്പിക്കപ്പെടുകയായിരുന്നു. ഏറെ വിഷമത്തോടെയാണ് പിന്നീട് 600 മീറ്റർ വിഭാഗത്തിൽ മത്സരിച്ചത്. ചെറിയൊരു വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടപ്പെട്ടെങ്കിലും വെള്ളിമെഡൽ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ രാജനും മലപ്പുറത്തെ സ്കൂളും കുടുംബാംഗങ്ങളും.
ആലപ്പുഴ എഴുപുന്ന സെന്റ് റാഫേൽ എച്ച് എസ് എസ് എസിലെ കെ യു അർജുൻ ആണ് 600 മീറ്ററിൽ സ്വർണം കരസ്ഥമാക്കിയത്
Discussion about this post