ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ഗുരുവിന് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നോ എന്ന കാര്യം സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു പി.ചിദംബരം. വധശിക്ഷക്ക് പകരം അഫ്‌സലിന് പരോളില്ലാത്ത ജീവപര്യന്ത ശിക്ഷ നല്‍കിയാല്‍ മതിയായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ മുഖാമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.
2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന് എത്രത്തോളം പങ്കുണ്ടായിരുന്നുവെന്ന കാര്യത്തില്‍ അന്നേ സംശയമുണ്ടായിരുന്നു. പക്ഷെ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ ഇത്തരമൊരു അഭിപ്രായം പറയാന്‍ കഴിയുമായിരുന്നില്ല.
മന്ത്രിസഭയുടെ ഭാഗമായി നില്‍ക്കെ കോടതി വിധിപ്രകാരം സര്‍ക്കാര്‍ ഒരാളുടെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷെ ഒരു വ്യക്തിയെന്ന നിലയിലാണ് ഇപ്പോള്‍ തന്റെ അഭിപ്രായം തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെടുമ്പോള്‍ ഭരിച്ചിരുന്ന യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പും സാമ്പത്തിക വകുപ്പും ചിദംബരം കൈകാര്യം ചെയ്തിട്ടുണ്ട്.
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് രാജ്യദ്രോഹം കുറ്റം ചുമത്താനാവില്ല. കലാപത്തിന് കാരണമായേക്കാവുന്ന ഒരു തീപ്പൊരി പ്രസംഗമാണ് നടത്തിയതെങ്കില്‍ അത് രാജ്യദ്രോഹകുറ്റമായി കണക്കാക്കാം.
പക്ഷെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ അത്തരത്തിലൊന്നല്ല നടത്തിയിട്ടുള്ളതെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ഈ പ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റ് പറയാനും അവകാശമുണ്ട്. സര്‍വകലാശാലകള്‍ എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഹത്തായ കാര്യങ്ങള്‍ മാത്രം പറയാനുള്ള ഇടമല്ല. അവര്‍ക്ക് നല്ല വിമര്‍ശകരാവാനും അവിടെ ഇടമുണ്ടെന്നും ചിദംബരം പറഞ്ഞു.
2008 മുതല്‍ 2012 വരെ ചിദംബരം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2001ലാണ് അഫ്‌സല്‍ ഗുരു പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. 2013ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുകയും ചെയ്തു. അന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെയായിരുന്നു ആഭ്യന്തര മന്ത്രി.
Discussion about this post