ആലപ്പുഴ: ബിജെപിയ്ക്ക് മധ്യകേരളത്തില്‍ ഏറ്റവും ജയസാധ്യത കല്പിക്കുന്ന നിയമസഭ മണ്ഡലമാണ് ചെങ്ങന്നൂര്‍. മുതിര്‍ന്ന നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായി പി.എസ് ശ്രീധരന് പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കി ചെങ്ങന്നൂര്‍ പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഔദ്യോഗിക തീരുമാനം പിന്നീട് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും പി.എസ് ശ്രീധരന് പിള്ള സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ ബിജെപിയ്ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നാല്പതിനായിരത്തിനടുത്ത് വോട്ട് ബിജെപി നേടിയിരുന്നു. കരുത്തനായ സ്ഥാനാര്‍ത്ഥി വരുന്നതോടെ ഇതില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.എസ്എന്‍ഡിപിയ്ക്ക് കാര്യമായ സ്വാധീമമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. അയ്യായിരം മുതല്‍ പതിനായിരത്തോളം വരെ വോട്ടുകള്‍ ബിജെഡിഎസിന് ഇവിടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് അവരുടെ അവകാശവാദം. എന്‍എസ്എസ്എസ് വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാണ്. ശ്രീധരന് പിള്ളയ്ക്ക് എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇത് ഗുണം ചെയ്യുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
ക്രൈസ്തവ സഭ നേതൃത്വവുമയി നല്ല ബന്ധമുള്ള ബിജെപി നേതാവാണ് ശ്രീധരന് പിള്ള എന്നതും ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷ വെക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നു. കുമ്മനം രാജശേഖരന് സംസ്ഥാന അധ്യക്ഷനായതോടെ സഭ നേതൃത്വവുമായുള്ള ബിജെപിയുടെ അടുപ്പം കൂടി. ഇതും ബിജെപിയുടെ ജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് നേതാവ് പി.എസി വിഷ്ണുനാഥാണ് നിലവിലെ എംഎല്‍എ. സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ട പി.സി വിഷ്ണുനാഥിനെതിരെ മണ്ഡലത്തില്‍ ശക്തമായ ജനവികാരമുണ്ടെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഇത് ബിജെപിയ്ക്ക് വലിയ തോതില്‍ ഗുണമാകുമെന്നാണ് അവര്‍ കരുതുന്നത്.
Discussion about this post