തിരുവനന്തപുരം: സര്‍വീസ് ചട്ടം ലംഘിച്ചു സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയെന്ന ആരോപണത്തില്‍ ഡിജിപി: ജേക്കബ് തോമസിനെതിരെ ശക്തമായ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് ശുപാര്‍ശ നല്‍കിയത്.
ജേക്കബ് തോമസിനെതിരെ തരംതാഴ്ത്തലോ സസ്പെന്‍ഷനോ വേണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. സര്‍വീസിലിരിക്കെ അവധിയെടുത്തു സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയെന്നായിരുന്നു ആരോപണം. മൂന്നു മാസത്തോളം ശമ്പളം പറ്റി എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചെന്നും കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കുകയായിരുന്നു.
നേരത്തെ, ആരോപണത്തിന്റെ നോട്ടീസിനു ഡിജിപി: ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കു വിശദീകരണം നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണു താന്‍ പഠിപ്പിക്കാന്‍ പോയതെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം. താന്‍ ചെയ്തതു സത്കര്മമാണെന്നും അതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയോ നടപടിയെടുക്കുകയോ ചെയ്യരുതെന്നും ജേക്കബ് തോമസ് മറുപടിയില്‍ അഭ്യര്‍ഥിച്ചു.
പണം തിരിച്ചടച്ചെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജേക്കബ് തോമസിന്റെ മറുപടി തള്ളിക്കൊണ്ടാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ശുപാര്‍ശ.
Discussion about this post