‘പന്നിക്കശാപ്പ്’ സംഘം വരുന്നു, കരുതിയിരിക്കുക, കളമൊരുങ്ങുന്നത് വന്‍തട്ടിപ്പിന്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്

Published by
Brave India Desk

ദില്ലി: പുതിയ തരം നിക്ഷേപ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍ രഹിതരായ യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികള്‍ എന്നിവരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ല്‍ ചൈനയിലാണ് പന്നിക്കശാപ്പ് സൈബര്‍ തട്ടിപ്പ് ഉടലെടുത്തത്.
ഇവര്‍ ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കുകയും ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

ആദ്യമൊക്കെ ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം പൂര്‍ണമായി നേടിയെടുക്കുന്നു. പിന്നീട് ഇരയുടെ മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി. കശാപ്പിന് മുമ്പ് പന്നികള്‍ക്ക് നല്ല തീറ്റയും പരിചരണവും നല്‍കി പരമാവധി വളര്‍ച്ചയെത്തിക്കുന്നതിന് തുല്യമായിട്ടാണ് തട്ടിപ്പുകാരുടെ രീതിയെന്നതിനാലാണ് ഈ പേര് വന്നത്.

തട്ടിപ്പിനായി് സൈബര്‍ കുറ്റവാളികള്‍ ഗൂഗിളിന്റെ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നതായും മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പ് പ്രാദേശിക പ്രശ്നം മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കലും മറ്റ് കൈമുകളും ഉള്‍പ്പെടുന്ന ആഗോള പ്രതിഭാസമാണെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) ഗൂഗിളുമായി സഹകരിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കിടാനും സമയബന്ധിതമായ നടപടി ഉറപ്പാക്കാനും ശ്രമിക്കുന്നു. സൈബര്‍ കുറ്റവാളികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഫേസ്ബുക്ക് പരസ്യങ്ങള്‍ ഉപയോഗിക്കുന്നതും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഇന്ത്യയില്‍ സൈബര്‍ കുറ്റവാളികള്‍ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാട്ട്സ്ആപ്പ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Share
Leave a Comment

Recent News