എറണാകുളം: സൈബർ ആക്രമണങ്ങൾക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച നടി ഹണി റോസിന് പിന്തുണയുമായി താരസംഘടനയായ അമ്മ. സ്ത്രീത്വത്തെയും നടിയുടെ തൊഴിലിനെയും അപമാനിക്കുവാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടത്തുന്നതിനെ അമ്മ അപലപിച്ചു. ഹണി റോസിന്റെ നിയമ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ നൽകും. ആവശ്യമെങ്കിൽ വേണ്ട എല്ലവിധ നിയമസഹായവും നൽകാൻ ഒരുക്കമാണെന്നും അമ്മ അംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി പുറത്തുവിട്ട വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വാർത്താകുറിപ്പിന്റെ പൂർണരൂപം
ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രികൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ഇതിനാൽ അപലപിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ പ്രസ്തുത വിഷയത്തിൽ കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്ഹോക്ക് കമ്മിറ്റി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നിലപാട് കടുപ്പിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലന്ന് നടി വ്യക്തമാക്കി. തന്റെ വസ്ത്രധാരണത്തെ കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധമില്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക് ഒരു റീസണബിൾ റെസ്ട്രിക്ഷൻ വരണമെന്ന് വിശ്വസിക്കുന്നെന്നും സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി താൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹണി റോസ് അറിയിച്ചു.
Discussion about this post