പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്;ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

Published by
Brave India Desk

കൊച്ചി: നാടിനെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം.

സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച ഒന്നാണ് പെരിയ ഇരട്ടക്കൊല കേസ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ കെ പി (23), കൃപേഷ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ്, ഒന്നാം പ്രതി പീതാംബരനെയും കൂട്ടുപ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെയും ശരത് ലാലും മറ്റുള്ളവരും ആ വർഷം ജനുവരി 5 ന് കാസർകോട് കല്ലിയോട്ടിൽ വെച്ച് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആക്രമിച്ചു എന്നാണ് ആരോപണം.

ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പിന്നീട് കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരുന്നു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ എട്ട് പ്രതികൾ ഐപിസി സെക്ഷൻ 302 (കൊലപാതകം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147, (കലാപം), 201 (തെളിവ് നശിപ്പിക്കൽ), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ) എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

അതേസമയം ശിക്ഷയിൽ ഇളവ് തേടി പ്രതികൾ കോടതിയിൽ തങ്ങളുടെ പ്രാരാബ്ദങ്ങൾ പറഞ്ഞിരുന്നു . ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുളള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുളള അമ്മയെ നോക്കണമെന്നുമുളള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു.

Share
Leave a Comment

Recent News