തിരുവനന്തപുരം: കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.രാവിലെ 10.30നു നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിലാണ് ഉദ്ഘാടനപരിപാടികൾ. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനിൽ, പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ആശംസയും നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണ കുമാർ നന്ദിയും അർപ്പിക്കും. കല, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ അവാർഡ് ലഭിച്ച പ്രമുഖ എഴുത്തുകാരൻ എം.മുകുന്ദന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.
ജനുവരി 13 വരെ നീളുന്ന പുസ്തകോത്സവത്തിൽ 250ലധികം സ്റ്റാളുകളിലായി 150ലധികം പ്രസാധകർ പുസ്തക പ്രദർശനവും വിൽപ്പനയും നടത്തും. സ്റ്റാളുകൾ 7നു രാവിലെ 9നു സ്പീക്കർ ഉദ്ഘാടനം ചെയ്യും. പാനൽ ചർച്ചകൾ, സംഭാഷണങ്ങൾ, എഴുത്തുകാർ പങ്കെടുക്കുന്ന സംവാദങ്ങൾ, സ്മൃതി സന്ധ്യ, കവിയരങ്ങ്, കഥയരങ്ങ്, കഥാപ്രസംഗം എന്നിങ്ങനെ എഴുപതിലധികം അനുബന്ധ പരിപാടികളും അരങ്ങേറും.കുട്ടികൾക്കായി ഒരുക്കുന്ന സ്റ്റുഡന്റ്‌സ് കോർണറാണ് ഈ പതിപ്പിലെ സവിശേഷത. വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ അവിടെ പ്രകാശനം ചെയ്യും. കുട്ടികൾക്കായുള്ള സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ, മ്യൂസിയങ്ങൾ, മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും ഒരുക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 13 വൈകിട്ട് 3.30 ന് നടക്കുന്ന സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത ശ്രീലങ്കൻ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും.
Discussion about this post