ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ധാരാളം വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത്. തലമുറകളായി ശീലിച്ചതിനാൽ തന്നെ നമ്മുടെ അടുക്കളയിൽ എപ്പോഴും പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ കാണുന്നതായിരിക്കും. ഇവയിൽ ഭൂരിഭാഗവും ആരോഗ്യത്തിന് നല്ലതാണെങ്കിലും ചെറിയ ചില ദോഷങ്ങളും ഇവയ്ക്കുണ്ട്. അത്തരത്തിൽ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തിന് ദോഷമായി മാറുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഇവയാണ്.
ഗ്രാമ്പൂ :
ഗരം മസാല തയ്യാറാക്കുന്നതിനുള്ള പ്രധാന ചേരുവകളിൽ ഒന്നാണ് ഗ്രാമ്പൂ. പല്ലിന്റെയും മോണയുടെയും ചില പ്രശ്നങ്ങൾക്ക് മരുന്നായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്.
ഉയർന്ന ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ കെ, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായകരമാണ്. എന്നാൽ ഗ്രാമ്പൂവിന്റെ അളവ് അധികമാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനോ ഹൈപ്പോഗ്ലൈസീമിയയ്‌ക്കോ കാരണമാകും. മരണകാരണം പോലും ആയേക്കാൻ സാധ്യതയുള്ള ഒരു പ്രശ്നമാണിത്.
കറുവപ്പട്ട :
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, സമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മികച്ച സുഗന്ധവ്യഞ്ജനമാണിത്. എന്നാൽ ഇതും അധികമാകുന്നത് ദോഷം ചെയ്യും. ചിലർക്ക് കറുവപ്പട്ടയുടെ ഉപയോഗം അലർജി ഉണ്ടാക്കുകയും ചുണ്ടുകളിലും വായിലും വ്രണങ്ങൾ അടക്കമുള്ളവ ഉണ്ടാക്കാനും സാധ്യതയുണ്ട്.
ഇഞ്ചി :
ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല പലവിധ പ്രശ്നങ്ങൾക്കും ഔഷധമായും ഇഞ്ചിയും ഉപയോഗിക്കാറുണ്ട്. നല്ല ദഹനത്തിനായി ഇഞ്ചിനീരോ ഇഞ്ചി ചായയോ ഒക്കെ കഴിക്കുന്നത് പൊതുവേ ഇന്ത്യൻ കുടുംബങ്ങളിലെ ഒരു ശീലവും ആണ്. എന്നാൽ ഇഞ്ചി അധികമായാൽ നെഞ്ചെരിച്ചിൽ, വയറിളക്കം, വായിൽ പൊള്ളൽ എന്നിവ ഉണ്ടാകാം. ഇത് രക്തസ്രാവത്തിനുള്ള സാധ്യതയും ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.
മഞ്ഞൾ :
ഇന്ത്യൻ ഭക്ഷണത്തിന് തനതായ പാരമ്പര്യം നൽകുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിൽ
അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും വീക്കം തടയുന്നതിനും അണുബാധ, കാൻസർ പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു. എന്നാൽ മഞ്ഞൾ അമിതമായി കഴിച്ചാൽ അത് മലബന്ധം, വയറിളക്കം, ദഹനക്കേട്, ഗ്യാസ്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. കൂടാതെ, അമിതമായ അളവിൽ കുർക്കുമിൻ ശരീരത്തിൽ എത്തുന്നത് കരളിനെയും ദോഷകരമായി ബാധിക്കും.
Discussion about this post