ഹൈദരാബാദ്: പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് അല്ലു അർജുന് സ്ഥിരം ജാമ്യം ലഭിച്ചത് . തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചപ്പോൾ പരിക്കേറ്റ എട്ട് വയസ്സുള്ള മകൻ കിംസ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അല്ലു അർജ്ജുൻ പരിക്കേറ്റു കിടക്കുന്ന കുട്ടിയെ സന്ദർശിക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിലുള്ള വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് താരത്തിന് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്.
ഹൈദരാബാദിലെ രാംഗോപാൽപേട്ട് പോലീസ് സ്‌റ്റേഷനിൽ നിന്നാണ് അല്ലു അർജുന് പുതിയ നോട്ടീസ് ലഭിച്ചത്. എട്ട് വയസ്സുള്ള ആൺകുട്ടിയെ സന്ദർശിച്ചത് രഹസ്യമായി സൂക്ഷിക്കണം എന്നാണ് താരത്തിനോട് പോലീസ് നിർദ്ദേശിച്ചത്. ക്രമസമാധാന നില തകരാതിരിക്കാൻ വേണ്ടിയാണ് പോലീസിന്റെ ഈ നടപടി.
നേരത്തെ, ജാമ്യാപേക്ഷയിൽ നാമ്പള്ളി കോടതിയുടെ നിബന്ധനകൾ പാലിക്കാൻ അല്ലു അർജുൻ ചിക്കാടപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, കിംസ് ആശുപത്രിയിൽ എട്ട് വയസ്സുള്ള ആൺകുട്ടിയെ കാണാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അഭിഭാഷക സംഘം അത് പ്രോത്സാഹിപ്പിച്ചില്ല. എന്നാൽ ഇതിനുശേഷമാണ് എട്ട് വയസുകാരനെ സന്ദർശിച്ചത് പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ട് നടന് പോലീസ് നോട്ടീസ് നൽകിയത്.
Discussion about this post