ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു സുഹൃദ് രാജ്യവുമായി നമ്മൾ നടത്തിയ ഏറ്റവും വലിയ സംഘർഷങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ കാനഡ നയതന്ത്ര യുദ്ധം. പഴയ കൊളോണിയൽ ഉൾപുളകങ്ങളിൽ അഭിരമിച്ചു കൊണ്ടിരുന്ന കാനേഡിയൻ സായിപ്പിന് തോന്നിയ ഏറ്റവും വലിയ വിഡ്ഢിത്തങ്ങളിൽ ഒന്നായിരുന്നു നരേന്ദ്ര മോദിയുടെ, എസ് ജയശങ്കറിന്റെ, അമിത് ഷായുടെ ഭാരതത്തെ ചൊറിയുക എന്നത്. ഒന്ന് പേടിപ്പിച്ചാൽ വാലും ചുരുട്ടി ഇരുന്നോളും എന്ന് കരുതിയ രാജ്യം നെഞ്ചും വിരിച്ചു നിന്നപ്പോൾ ഞെട്ടിയത് രമ്യഹർമ്മങ്ങളിൽ മാത്രം അതുവരെ വിഹരിച്ചു പോന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളാണ്.
പണിക്ക് മറുപണി എന്ന നയത്തിന് പകരം, പണിക്ക് പലമടങ്ങ് പണി എന്ന നയം ഇന്ത്യ കൈക്കൊണ്ടപ്പോൾ പുറത്താക്കപ്പെട്ട നയതന്ത്രജ്ഞരെ എങ്ങോട്ടേക്ക് പറഞ്ഞയക്കും എന്ന് വിഷമിക്കുന്ന കാനഡയെയാണ് ലോകം പിന്നീട് കണ്ടത്.
2023 സെപ്തംബറിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന ട്രൂഡോയുടെ ആരോപണം മുതലാണ് ന്യൂ ഡൽഹിയും ഒട്ടാവയും തമ്മിലുള്ള സംഘർഷം പുകഞ്ഞത് . “അസംബന്ധം” എന്ന് വിശേഷിപ്പിച്ചാണ് ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞത് . ഇന്ത്യ ക്രിമിനൽ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നുവെന്ന ട്രൂഡോയുടെ അവകാശവാദം ആഭ്യന്തരമായും അന്തർദേശീയമായും നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇന്ത്യ ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ഒട്ടാവയിലെ തങ്ങളുടെ നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ, ടൊറൻ്റോയ്ക്ക് സമീപമുള്ള ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.
ഇന്ത്യക്കെതിരെ കാനഡ തിരിഞ്ഞത് ട്രൂഡോയുടെ പാർട്ടിയെ താങ്ങി നിർത്തിയിരുന്ന എൻ ഡി പി എന്ന പാർട്ടിയിലെ സിഖ് വിഭാഗത്തെ സന്തോഷിപ്പിക്കാനാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതോടു കൂടി ഇന്ത്യ ക്യാനഡയുമായി പൂർണ്ണ ശത്രുത പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് കാനഡയ്ക്ക് ഇന്ത്യയുമായി നടപ്പിലാക്കാൻ കഴിയുമായിരുന്ന പല സ്വതന്ത്ര വ്യാപാര കരാറുകളിലും ഒപ്പ് വെക്കാൻ നമ്മൾ വിസമ്മതിച്ചു. ഇത് ട്രൂഡോയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ കാരണം തകർച്ചയിലായ സമ്പദ് വ്യവസ്ഥയെ കൂടുതൽ പുറകോട്ടടിച്ചു.
കുടിയേറ്റ നയവും, തലതിരിഞ്ഞ നികുതികളും കൊണ്ട് വീർപ്പുമുട്ടിയിരുന്ന കാനഡക്ക് പിടിവള്ളിയാകുമായിരുന്ന സ്വതന്ത്ര വ്യാപാര കരാറാണ് നമ്മൾ നിഷ്കരുണം തട്ടിയകറ്റിയത്. ഇതേതുടർന്ന് സമ്പദ് വ്യവസ്ഥക്ക് കിട്ടിയ അടി പരിഹരിക്കാൻ പറ്റാതെയാണ് ഒടുവിൽ ട്രൂഡോ പടിയിറങ്ങുന്നത്.
സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യ നിഷേധിച്ചതിന്റെ പിറ്റേ ദിവസമാണ് നിജ്ജാർ വധ കേസുമായി ബന്ധപ്പെട്ട ആരോപണം ട്രൂഡോ ഉന്നയിക്കുന്നത്.
ഇത് കൂടാതെ ഇന്ത്യയുമായി ബന്ധപ്പെട്ട് ഖാലിസ്ഥാൻ തീവ്രവാദികളെ അഴിഞാടുവാൻ അനുവദിച്ച ജസ്റ്റിൻ ട്രൂഡോ ഒരു രാജ്യവിരുദ്ധനും, കഴിവില്ലാത്തവനും ആണെന്ന വികാരം കാനഡക്കാർക്കിടയിൽ വർദ്ധിച്ചു വന്നു.
ജസ്റ്റിൻ ട്രൂഡോയുടെ പതനത്തിന് കാരണം ഇന്ത്യയുമായുള്ള അയാളുടെ ശത്രുത മാത്രമാണെന്ന് പറയാൻ കഴിയില്ല. കാരണം മനുഷ്യ സാധ്യം അല്ലാത്ത വിധത്തിൽ മറ്റു രാജ്യങ്ങളെ ശത്രുക്കളാക്കുന്നതിൽ വിജയിച്ച ഒരു വ്യക്തിയായിരുന്നു ട്രൂഡോ. അമേരിക്കയെയും ചൈനയെയും ഇന്ത്യയെയും ഒരേപോലെ ശത്രുപക്ഷത്ത് നിർത്തണമെങ്കിൽ അസംഭവ്യം എന്ന് തന്നെ അതിനെ വിലയിരുത്തേണ്ടി വരും.
പക്ഷെ ജസ്റ്റിൻ ട്രൂഡോയുടെ തലതിരിഞ്ഞ നയങ്ങളെ ഇന്ത്യ എതിരിട്ടത് പോലെ, രൂക്ഷമായി പ്രതികരിച്ചത് പോലെ മറ്റൊരു രാജ്യവും ചെയ്തിട്ടില്ല. ചൈന പോലും. ഒരു പാശ്ചാത്യ രാജ്യത്തോടും ഒരു ഏഷ്യൻ രാജ്യം ചെയ്യാത്ത രീതിയിൽ കാനഡയോഡ് ഇന്ത്യ പ്രതികരിച്ചു. ഈ പ്രവൃത്തികൾ ട്രൂഡോയുടെ പ്രതിച്ഛായയിൽ ഉണ്ടാക്കിയ ആഘാതം കുറച്ചൊന്നുമല്ല. രാജ്യത്തിനകത്തും പുറത്തും ഒരേപോലെ വെറുക്കപെട്ടവനായി ട്രൂഡോ മാറി.
ആഭ്യന്തരമായി ഉണ്ടായ പല പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുവാൻ ഇന്ത്യയെ ട്രൂഡോ ഒരു മറയാക്കി. എന്നാൽ ആഭ്യന്തര പ്രശ്നങ്ങളെക്കാൾ വലിയ തിരിച്ചടി ലോക രാജ്യങ്ങൾക്കിടയിൽ കാനഡയുടെ പ്രതിച്ഛായക്ക് ഇന്ത്യയുമായുള്ള സംഘർഷം സൃഷ്ടിച്ചു.
അതുകൊണ്ട് തന്നെ നാനാവിധ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ട് ഇന്ന് ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുമ്പോൾ, ട്രൂഡോയുടെ ശവപ്പെട്ടിയിൽ തറച്ച ഏറ്റവും വലിയ ആണി , അത് അടിച്ചത് ഇന്ത്യയാണെന്ന് നിസംശയം പറയാം.
Discussion about this post