പ്രയാഗ് രാജ് : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ മഹാ കുംഭമേള ആരംഭിക്കുകയാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക സ്വാധീനം പ്രദർശിപ്പിക്കാനുള്ള വേദിയാകുന്നതിലൂടെ പ്രേത്യേക ശ്രദ്ധ ആകർഷിക്കുകയാണ് ഇത്തവണത്തെ മഹാകുംഭമേള.
അസമിലെ ‘സത്രാധികാരികളുടെ’ പാരമ്പര്യത്തിൽ നിന്നുമുള്ള സവിശേഷ സന്യാസിമാരിലാണ് ഇത്തവണ കുംഭമേള ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആസാമീസ് നാംഘർ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങൾ ഇത്തവണ മേളയിൽ നടക്കും.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള സന്യാസിമാരെ പ്രേത്യേകമായി ക്ഷണിച്ചിരിക്കുകയാണ്. അവർക്ക് ‘സംസ്ഥാന അതിഥികൾ’ എന്ന പദവിയാണ് നൽകിയിരിക്കുന്നത് . ജനുവരി 12 (ഞായർ) മുതൽ ആരംഭിക്കുന്ന ഈ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കുംഭ് സമുച്ചയത്തിലെ പ്രാഗ് ജ്യോതിഷ്പൂർ പ്രദേശത്ത് പ്രത്യേക ഒരുക്കങ്ങൾ നടക്കുന്നു.
ത്രിപുരയിലെ പത്മശ്രീ അവാർഡ് ജേതാവായ ചിത്ത മഹാരാജ്, ദക്ഷിണ പദ് സത്രം, ഗദ്മൂർ സത്രം തുടങ്ങിയ പുരാതന സത്രങ്ങൾക്കൊപ്പം നിരവധി ‘സത്രാധികാരികളും’ ‘ഷാഹി സ്നാൻ’ എന്ന ചടങ്ങിൽ പങ്കെടുക്കും. ഇതാദ്യമായാണ് സത്രാധികാരികൾ കുംഭത്തിൽ രാജകീയ സ്നാനത്തിൽ പങ്കെടുക്കുകയും അവിടെ താമസിക്കുകയും ചെയ്യുന്നത്.
പ്രയാഗ് രാജിലെ അഖാഡകൾ അവരെ ആദരിക്കുകയും സന്യാസ സമൂഹവുമായി സംവാദങ്ങൾ നടപ്പിലാക്കുകയും ചെയ്യും.
ഇത് കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനവും നടക്കും. അവരുടെ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മതത്തിന്റെയും പൂർണ്ണമായ ചിത്രം പ്രദാനം ചെയ്യും. അതിനുള്ള തയ്യാറെടുപ്പുകൾക്കായി കലാകാരന്മാർ ഇതിനകം എത്തിയിട്ടുണ്ട്, പ്രദർശനം ജനുവരി 12 ന് ഉദ്ഘാടനം ചെയ്യും.
Leave a Comment