ഇന്ന് ഫുട്‌ബോള്‍ ലോകത്ത് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയമാകുന്ന ഒരു ക്ലബ്ബ്.. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.. ഒരു പാട് പ്രശ്‌നങ്ങള്‍ക്കിടയിലൂടെയാണ് അവരിപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആരാധകരും നിരാശരാണ്. എന്നാല്‍ അവര്‍ക്കൊരു ഭൂത കാലമുണ്ടായിരുന്നു. ഏതൊരു ടീമും ഭയക്കുന്ന ഒരു ഭൂത കാലം..
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോകത്തെ ഏറ്റവും അഭിമാനകരമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ്. കാല്‍പ്പന്തു കളിയുടെ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്ന്. ഏകദേശം 34 കോടിയിലേറെ ആരാധകര്‍ ഉള്ളതായാണ് കണക്കുകള്‍ പറയുന്നത്. എല്ലായ്‌പ്പോഴും നല്ലൊരു പാരമ്പര്യം നിലനിര്‍ത്തിയ അവര്‍ സ്ഥിരമായ വിജയത്തിന്റെ റെക്കോര്‍ഡും നിലനിര്‍ത്തിയിട്ടുണ്ട്. മികച്ചൊരു ചരിത്രമാണ് അവര്‍ക്ക് പറയാനുള്ളത്.
വ്യാവസായിക വിപ്ലവകാലത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നായിരുന്നു മാഞ്ചസ്റ്റര്‍. ബ്രിട്ടീഷ് ദ്വീപുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കുത്തൊഴുക്ക് കാരണം, ഒരു ചെറിയ പട്ടണത്തില്‍ നിന്ന് യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി മാറുകയായിരുന്നു മാഞ്ചസ്റ്റര്‍. ഈ കാലത്താണ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ആദ്യ കാല ചരിത്രത്തില്‍ വലിയ തോതില്‍ തൊഴിലാളികളുടെ ആധിപത്യം പുലര്‍ത്തിയിരുന്നു മാഞ്ചസ്റ്റര്‍.
ക്ലബ്ബ് സ്ഥാപിതമായത് 1878 ലാണ്. ആദ്യ പേര് ന്യൂട്ടണ്‍ ഹീത്ത് എല്‍ ആന്‍ഡ് വൈആര്‍ എന്നായിരുന്നു. എല്‍ ആന്‍ഡ് വൈആര്‍ എന്നാല്‍ ലങ്കാഷെയര്‍ ആന്‍ഡ് യോര്‍ക്ക്‌ഷെയര്‍ റെയില്‍ വേ കമ്പനി. ഈ കമ്പനിയിലായിരുന്നു അന്ന് ടീമിലുണ്ടായിരുന്ന കളിക്കാര്‍ ജോലി ചെയ്തു കൊണ്ടിരുന്നത്. അക്കാലത്ത് ക്ലബ്ബിന്റെ ജേഴ്‌സി പച്ചയും സ്വര്‍ണ്ണ നിറവുമുള്ളതായിരുന്നു. ഏകദേശം 15 വര്‍ഷത്തോളം കാലം ചെറുതും പഴകിയതുമായ മൈതാനങ്ങളിലാണ് അവര്‍ കളിച്ചിരുന്നത്. 1893 ആയപ്പോഴേക്കും ക്ലെയ്ടണിലെ ബാങ്ക് സ്ട്രീറ്റ് സ്‌റ്റേഡിയത്തിലേക്ക് അവർ കൂടുമാറി. പിന്നീട് പതുക്കെ റെയില്‍ വേ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കുവാന്‍ ക്ലബ് തുടങ്ങി. എല്‍ ആന്‍ഡ് വൈ ആര്‍ എടുത്തുകളഞ്ഞ് ന്യൂട്ടണ്‍ ഹീത്ത് എഫ് സി എന്ന പേരില്‍ ഒരു സ്വതന്ത്ര ക്ലബ്ബായി അവര്‍ പിന്നീട് മാറി.
എന്നാല്‍ 1902 ആയപ്പോഴേക്കും ക്ലബ്ബ് പാപ്പരായി. അവര്‍ കളിച്ചുകൊണ്ടിരുന്ന സ്റ്റേഡിയം കോടതി അടച്ചു പൂട്ടുകവരെ ചെയ്തു. ക്ലബ്ബ് വൈകാതെ പൂട്ടും എന്ന അവസ്ഥവരെയായി.
അപ്പോഴാണ് കഥയിലെ ടിസ്റ്റ്.
പ്രാദേശിക ബിസിനസ്സുകാരുടെ ഒരു പുതിയ സംഘം ക്ലബ്ബിന്റെ ചുമതലകള്‍ ഏറ്റെടുത്തു. ബ്രൂവെറീസ് മാനേജിങ് ഡയറക്ടറായ ജെ എച്ച് ഡേവിഡ് സാമാന്യം ഉയര്‍ന്നൊരു തുക ക്ലബ്ബില്‍ നിക്ഷേപിച്ചു. ആ സംഭവത്തെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു രസകരമായ കഥയുണ്ട്.
ക്ലബ്ബിന് വേണ്ടിയുള്ള ഒരു ധനസമാഹരണ പരിപാടിയില്‍ അന്നത്തെ ക്യാപ്റ്റനായ ഹാരി സ്റ്റാഫോര്‍ഡ് തന്റെ സെയ്‌നറ് ബെര്‍ണാര്‍ഡ് എന്ന നായയെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. തന്റെ മകള്‍ക്ക് വേണ്ടി ഡേവിഡ് നായയെ വാങ്ങാനായി സ്റ്റാഫോര്‍ഡിനെ സമീപിച്ചു. എന്നാല്‍ നായയെ വില്‍ക്കാന്‍ സ്റ്റാഫോര്‍ഡ് വിസമ്മതിച്ചു. നായയെ തരികയാണെങ്കില്‍ ക്ലബ്ബിലേക്ക് പണം നിക്ഷേപിക്കാമെന്ന് ഡേവിസ് പറയുകയും സ്റ്റാഫോർഡ് അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഡേവിസ് ക്ലബ്ബിന്റെ ചെയര്‍മാനുമായി.
പുതിയ തുടക്കത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ പേര് മാറ്റണമെന്ന് ആദ്യ ബോര്‍ഡ് മീറ്റിങ്ങുകളിലൊന്നില്‍ തന്നെ തീരുമാനിക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ സെന്റട്രല്‍, മാഞ്ചസ്റ്റര്‍ സെല്‍റ്റിക്ക് എന്നിവയായിരുന്നു ഉയര്‍ന്നു വന്ന ചില പേരുകള്‍. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ ലൂയിസ് റോക്ക ഇങ്ങനെ പറഞ്ഞു.
“സുഹൃത്തുക്കളേ, നമ്മളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന് വിളിച്ചാലോ?” അങ്ങനെ 1902 ഏപ്രില്‍ 26 ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി നിലവില്‍ വന്നു. ആ പഴയ പച്ചയും സ്വര്‍ണ്ണ നിറവും ഉപേക്ഷിച്ച് യുണൈറ്റഡ് ചുവപ്പും വെള്ളയും നിറങ്ങളുള്ള ജേഴ്‌സി തിരഞ്ഞെടുത്തു. അങ്ങനെ ഇന്ന് കാണുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയി.
ആ വര്‍ഷം തന്നെ പുതിയ സെക്രട്ടറിയായി ഏണസ്റ്റ് മാങ്ഗ്നാള്‍ ചുമതലയേറ്റു. ക്ലബ്ബിനെ ഒന്നാം ഡിവിഷനില്‍ എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ ആ സീസണില്‍ രണ്ടാം ഡിവിഷനില്‍ അഞ്ചാം സ്ഥാനം വരെയെത്തി യുണൈറ്റഡ്. പുതിയ കളിക്കാരെ അദ്ദേഹം ടീമിലേക്ക് കൊണ്ടു വന്നു. അങ്ങനെ 1908 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ ഇംഗ്ലീഷ് ലീഗ് കിരീടവും നേടി. ആ വര്‍ഷം തന്നെ എഫ് എ കപ്പ് കിരീടവും സ്വന്തമാക്കി ചുവന്ന ചെകുത്താന്മാര്‍. 1910-ല്‍ ടീം നിലവിലെ സ്റ്റേഡിയമായ ഓള്‍ഡ് ട്രാഫോഡിലേക്കും മാറി. 1911-ല്‍ രണ്ടാം തവണയും യുണൈറ്റഡ് ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്മാരായി.
അങ്ങനെ നല്ല രീതിയില്‍ പൊയ്‌ക്കോണ്ടിരുന്ന ക്ലബ്ബിന് വീണ്ടും കഷ്ടകാലം തുടങ്ങി. മാങ്ഗ്നാള്‍ സിറ്റിയില്‍ ചേരാനായി ക്ലബ്ബ് വിട്ടതോടെ യുണൈറ്റഡ് തകര്‍ന്നു. 1922ല്‍ ക്ലബ്ബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. 1934 ല്‍ രണ്ടാം ഡിവിഷനിലെ എക്കാലത്തെയും താഴ്ന്ന സ്ഥാനം. എത്രയെന്ന് അറിയേണ്ടേ.. ഇരുപതാം സ്ഥാനം. ഇതിനിടയില്‍ വീണ്ടും ക്ലബ്ബ് കടക്കെണിയിലേക്ക് വീഴാറായി. അപ്പോള്‍ ജെയിംസ് ഡബ്ല്യു ഗീബ്‌സണ്‍ ക്ലബ്ബ് ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ വീണ്ടും യുണൈറ്റഡ് പാപ്പരാകുമായിരുന്നു. 1931ല്‍ ഏകദേശം 2000 പൗണ്ട് അദ്ദേഹം ക്ലബ്ബില്‍ നിക്ഷേപിക്കുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ഫുട്‌ബോളിന്റെ അവസാന വര്‍ഷമായ 1938-39 സീസണില്‍ ക്ലബ് ഫസ്റ്റ് ഡിവിഷനില്‍ 14-ാം സ്ഥാനത്തുമെത്തി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1945 ല്‍ മാറ്റ് ബസ്ബിയെ നിയമിച്ചതോടെ ക്ലബ്ബ് വിപുലമായ മാറ്റത്തിനൊരുങ്ങുകയായിരുന്നു. ഒരു ദീര്‍ഘ വീക്ഷണമുള്ള ഒരു നേതാവ് യുണൈറ്റഡ് പോലുള്ള ഒരു ക്ലബിന് അനിവാര്യമായിരുന്നു. അദ്ദേഹം ടീം സെലക്ഷന്‍, കളിക്കാരുടെ കൈമാറ്റം, പരിശീലന സെഷനുകള്‍ എന്നിവയില്‍ നിയന്ത്രണം കൊണ്ടുവന്നു. പൂര്‍ണമായും യുവാക്കളില്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നോട്ട് പോക്ക്..
ഈ തന്ത്രം ഒടുവില്‍ വിജയമാകുന്നതാണ് കണ്ടത്. 1947, 48, 49 വര്‍ഷങ്ങളില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഫിനിഷ് ചെയ്തു യുണൈറ്റഡ്.. 1948 ലെ എഫ് എ കപ്പ് വിജയത്തിലേക്കും ടീമിനെ നയിച്ചു ബസ്ബി. ഒടുവില്‍ 1952 ല്‍ നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 3ാം മത് ഫസ്റ്റ് ഡിവിഷന്‍ കപ്പും നേടി യുണൈറ്റഡ്. പിന്നീട് 1956 ലും 57 ലും തുടര്‍ച്ചയായി അവര്‍ ലീഗ് കിരീടങ്ങള്‍ നേടി. ശരാശരി 22 വയസ്സുള്ള ടീമാണ് ഈ കിരീടങ്ങള്‍ നേടിയതെന്ന് പറയുമ്പോള്‍ ഈ കാലത്ത് ആരും വിശ്വസിക്കില്ല.
അന്ന് ആ ടീമിനെ മാധ്യമങ്ങള്‍ ബസ്ബി ബേബ്‌സ് എന്ന് വിളിപ്പേരും നല്‍കി. യുവതാരങ്ങളോടുള്ള ബസ്ബിയുടെ വിശ്വാസമാണ് ഈ വിജയങ്ങളെല്ലാം യുണൈറ്റഡിന് നല്‍കിയത്. അതോടെ 1957-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്യന്‍ കപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ടീമായി മാറി. ആ കിരീട പോരാട്ടത്തില്‍ സെമിയല്‍ റയലിനോട് പരാജയപ്പെടുകയായിരുന്നു യുണൈറ്റഡ്. എന്നാല്‍ ബെല്‍ജിയന്‍ ചാമ്പ്യന്മാരായ ആന്‍ഡര്‍ലെച്ചിനെതിരെ 10-0 ത്തിന്റെ വിജയം നേടിയതും ഈ കിരീട പോരാട്ടത്തിലായിരുന്നു. ഇത് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വിജയമായി ഇപ്പോഴും തുടരുന്നു.
ഇത്രയും നല്ല രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന യുണൈറ്റഡിനും അവരുടെ ആരാധകര്‍ക്കും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ് പിന്നീടുണ്ടായത്. യുണൈറ്റഡിന്റെ ചരിത്രത്തിലെ ദുരന്ത ദിനം. 1958 ഫെബ്രുവരി മാസത്തിലെ 6 തീയതി എന്നൊരു ദിനം. എന്താണെന്നറിയേണ്ടേ..
അതൊരു വിമാന ദുരന്തമായിരുന്നു. യൂറോപ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ വിജയിച്ചിട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്നു യുണൈറ്റഡ് കളിക്കാരും, ഉദ്യോഗസ്ഥരും.. മ്യൂണിക്കില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം വിമാനം തുടക്കത്തില്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് 8 എട്ട് കളിക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.. ഈ വാര്‍ത്ത ഫുട്‌ബോള്‍ ലോകം ഞെട്ടലോടെയാണ് അന്ന് കേട്ടത്. ബസ്ബി അന്ന് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തോടെ യുണൈറ്റഡ് ആകെ തകര്‍ന്നു. അവര്‍ക്കൊരു തിരിച്ചുവരവ് ഇല്ലെന്നു തന്നെ കരുതി. കാരണം ആ ദുരന്തം അവര്‍ക്ക് നഷ്ടവും വേദനയുമാണ് നല്‍കിയത്.
പക്ഷെ അതൊക്കെ അതിജീവിച്ച് യുണൈറ്റഡ് തിരിച്ചു വരുന്നതാണ് കണ്ടത്. ആ കഥ എങ്ങനെയെന്നല്ലേ.. പറയാം.
യുണൈറ്റഡിന്റെ ചരിത്ര കഥയില്‍ ഈ വ്യക്തിയുടെ പേര് പറയാതിരുന്നാല്‍ ശരിയാവില്ല. ജിമ്മി മര്‍ഫി. ബസ്ബിയുടെ അസിസ്റ്റന്റ് മാനേജര്‍. ദുരന്തമുണ്ടാകുന്ന സമയം അദ്ദേഹം വെയില്‍സ് ദേശീയ ടീമിനെ നയിക്കാന്‍ കാര്‍ഡിഫില്‍ ആയിരുന്നു. അദ്ദേഹം തിരിച്ചുവന്ന് യുണൈറ്റഡിന്റെ മാനേജരായി. മത്സരങ്ങളില്‍ മത്സരിക്കാന്‍ കളിക്കാര്‍ പോലും ഇല്ലാതിരുന്ന യുണൈറ്റഡിനെ നയിക്കാന്‍ മര്‍ഫി മുന്നോട്ട് വന്നു. അദ്ദേഹം ഭൂരിഭാഗം റിസര്‍വ്, യൂത്ത് ടീം കളിക്കാര്‍ ഉള്‍പ്പെട്ട ഒരു ടീമിനെ ഉണ്ടാക്കി. ദുരന്തത്തിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ഷെഫീല്‍ഡ് വെനസ്ഡേയെ 3-0 ന് തോല്‍പിച്ചു. അത് അവരുടെ തിരിച്ചുവരവിന്റെ ചെറിയ ലക്ഷണം കാണിച്ചു. തുടര്‍ന്ന് മര്‍ഫി പല ക്ലബ്ബുകളില്‍ നിന്നായി കളിക്കാരെ എത്തിച്ചു. പല വമ്പന്‍ ക്ലബ്ബുകളും കളിക്കാരെ ഓഫര്‍ ചെയ്തു. യുണൈറ്റഡിന്റെ എതിരാളികളായ ലിവര്‍പൂള്‍ പോലും അവര്‍ക്ക് ഒരു ടീമിനെ ഒന്നിപ്പിക്കാന്‍ കളിക്കാരെ ലോണില്‍ വാഗ്ദാനം ചെയ്തു.
തകര്‍ച്ചയ്ക്കു ശേഷം 57-58 സീസണില്‍ യുണൈറ്റഡ് ഒരു ലീഗ് മത്സരത്തില്‍ മാത്രം വിജയിച്ചു. എന്നാല്‍ എഫ് എ കപ്പിന്റെ ഫൈനലിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. യുണൈറ്റഡിന് അവരുടെ മത്സരങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ സിറ്റി യുറോപ്യന്‍ കപ്പില്‍ യുണൈറ്റഡിന്റെ സ്ഥാനം എറ്റെടുക്കുക എന്ന ആശയം വരെ യുവേഫ ഉയര്‍ത്തി. എന്നാല്‍ സിറ്റി ഉള്‍പ്പെടെ എല്ലാവരും അത് നിരസിച്ചു.
ബസ്ബി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സുഖം പ്രാപിക്കാന്‍ സ്വിറ്റസര്‍ലന്‍ഡിലേക്കും പോയി. ചില സമയങ്ങളില്‍ ഫുട്‌ബോള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന് അയാള്‍ക്ക് തോന്നി, പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ബസ്ബിക്ക് പൂര്‍ണ പിന്തുണ നല്‍കി. അവർ ബസ്ബിയോട് പറഞ്ഞു:
“മാറ്റ് നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ മുന്നോട്ട് പോകണമെന്ന് നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിച്ചിരിക്കും”. ഈ വാക്കുകള്‍ ബസ്ബിയെ വിഷാദത്തില്‍ നിന്ന് ഉയര്‍ത്തി.
ഈ ദുരന്തത്തില്‍ നിന്ന് യുണൈറ്റഡിനെ കരകയറ്റാന്‍ ബസ്ബി വീണ്ടും അവതരിച്ചെന്ന് പറയാം. പരിക്ക് മാറി തിരിച്ചെത്തിയ അദ്ദേഹം യുണൈറ്റഡിനെ റീ ബിള്‍ഡ് ചെയ്യാന്‍ തുടങ്ങി. ജോര്‍ജ്ജ് ബെസ്റ്റ് ഉള്‍പ്പെടെയുള്ള അടുത്ത തലമുറയിലെ യുവതാരങ്ങളുമായി ഒത്തുചേര്‍ന്നു അദ്ദേഹം. ഡെനിസ് ലോ, പാറ്റ് ക്രെറാന്‍ഡ് തുടങ്ങിയ കളിക്കാരെ സൈന്‍ ചെയ്തുകൊണ്ട് ബസ്ബി യുണൈറ്റഡിനെ റീ ബിള്‍ഡ് ചെയ്തു. അതിന്റെ ഫലമായി 1965 ലും 1967 ലും യുണൈറ്റഡ് കിരീടം നേടി തിരിച്ചു വന്നു.
യുണൈറ്റഡിനെ സംബന്ധിച്ച് അടുത്തത് സുപ്രധാന നേട്ടമാണ് പിന്നീട് വന്നത്. ബോബി ചാള്‍ട്ടണ്‍, ഡെനിസ് ലോ, ജോര്‍ജ് ബെസ്റ്റ് എന്നീ ഇതിഹാസങ്ങളുടെ പിന്‍ബലത്താല്‍ അവര്‍ 1968 ലെ യൂറോപ്യന്‍ കപ്പ് നേടി. ഫൈനലില്‍ 4-1 ന് ബെന്‍ഫിക്കയാണ് അവര്‍ തോല്‍പ്പിച്ചത്. യൂറോപ്യന്‍ കപ്പ് നേടിയതോടെ ആ നേട്ടം നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി ചുവന്ന ചെകുത്തന്മാര്‍ മാറി. ഈ വിജയം അന്നത്തെ ദുരന്തത്തില്‍ നിന്നുള്ള യുണൈറ്റഡിന്റെ തിരിച്ചുവരവായി കണക്കാക്കുന്നു. 1969 ല്‍ ചരിത്രതുല്യമായ നേട്ടങ്ങള്‍ സമ്മാനിച്ച് ബസ്ബി എന്ന മാനേജരും പടിയിറങ്ങി.
ബസ്ബിയുടെ പടിയിറക്കം യുണൈറ്റഡ് എന്ന ടീമിനെ നല്ലരീതിയിൽ ബാധിച്ചു. തുടര്‍ന്ന പരിശീലകര്‍ മാറി മാറി വന്നെങ്കിലും അവരെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഇതിനിടയില്‍ ബെസ്റ്റ്, ലോ, ചാള്‍ട്ടണ്‍ എന്നിവര്‍ ടീമും വിട്ടു. എഫ് എ കപ്പ് കിരീടം നേടിയതല്ലാതെ പറയാന്‍ മറ്റൊരു കിരീടമില്ലാതെ യുണൈറ്റഡിന്റെ സീസണുകള്‍ കടന്നു പോയി.
ഇനിയാണ് കളി മാറുന്നത്.
ഇന്നത്തെ കാലത്ത് യുണൈറ്റഡിനെ വാനോളം പുകഴ്ത്താന്‍ കാരണമായൊരു മാനേജര്‍. അതെ സര്‍ അലക്‌സാണ്ടര്‍ ചാപ്മാന്‍ ഫെര്‍ഗൂസന്റെ വരവ്. 1986 ല്‍ യുണൈറ്റഡ് ഫെര്‍ഗൂസനെ മാനേജരായി നിയമിച്ചു.. ഇപ്പോള്‍ ഈ കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.. എന്നാലും പറയാം. അദ്ദേഹം മാനേജരായ ആദ്യ നാല് വര്‍ഷങ്ങള്‍ യുണൈറ്റഡിന് നല്ല കാലമല്ലായിരുന്നു. 1990 ലെ എഫ് എ കപ്പ് കിരീടം നേടുന്നത് വരെ അദ്ദേഹത്തിന് കഷ്ടകാലമായിരുന്നു. ഒരു പക്ഷെ ആ കിരീടം നേടിയില്ലായിരുന്നെങ്കില്‍ ഫെര്‍ഗൂസനെ യുണൈറ്റഡ് പുറത്താക്കിയേനേ.. പക്ഷെ അദ്ദേഹം ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. എഫ് എ കപ്പ് കിരീടം നേടി യുണൈറ്റഡിനെ ഇനിയുള്ള കാലം താനാണ് പരിശീലിക്കുന്നതെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. പിന്നീടുള്ള ഇരുപത് വര്‍ഷത്തോളം കാലം ഫെര്‍ഗൂസന്‍ ഇറയാണ് നമ്മള്‍ കണ്ടത്. ഏകദേശം പതിമൂന്ന് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 25 പ്രധാന ട്രോഫികളെങ്കിലും ക്ലബിന് നേടാനായി. ക്ലബ്ബിന്റെ മാത്രമല്ല ലോക ഫുട്ബോളിലെ തന്നെ ഇതിഹാസ കോച്ചായി അദ്ദേഹം മാറി
1993-ല്‍ ഫസ്റ്റ് ഡിവിഷന്‍ മാറി പ്രീമിയര്‍ ലീഗായ സീസണില്‍ ഫെര്‍ഗൂസന്റെ താണ്ഡവമാണ് കണ്ടത്. അന്ന് പ്രീമിയര്‍ ലീഗ് കിരീടം നേടി യുണൈറ്റഡ് വരവറിയിച്ചു. 1967 ന് ശേഷമുള്ള ആദ്യ ലീഗ് കിരീടവും. അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടവും എഫ് എ കപ്പും നേടിയതോടൊപ്പം ചരിത്രത്തിലെ ആദ്യത്തെ ഡബിളും നേടി ഫെര്‍ഗൂസന്റെ ടീം. 1995-96 ലും ഈ രണ്ട് കിരീടങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ട് തവണ ഡബിള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി യുണൈറ്റഡ് മാറി. അങ്ങനെ ഫെര്‍ഗൂസണ്‍ ഇറ അവിടെ തുടങ്ങുകയായിരുന്നു.
1998-99 സീസണിലായിരുന്നു യുണൈറ്റഡിന്റെ ചരിത്രപരമായ നേട്ടം. അന്ന് എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയതോടെ ദി ട്രെബിള്‍ നേടുന്ന ആദ്യ ടീമായി അവര്‍ മാറി. 2022-23 സീസണിൽ സിറ്റി ട്രെബിള്‍ നേടിയെങ്കിലും ഇക്കാലയളവില്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ടീമിനും ഇങ്ങനൊരു നേട്ടം നേടാന്‍ സാധിച്ചില്ല.
99-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയണിനെയാണ് യുണൈറ്റഡ് അന്ന് തോല്‍പ്പിച്ചത്. ഈ വിജയം ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ആ സീസണില്‍ തന്നെ ഫെര്‍ഗൂസന് ഫുട്‌ബോളിനുള്ള തന്റെ സേവനങ്ങള്‍ നൈറ്റ് ഹുഡ് പുരസ്‌കാരവും ലഭിച്ചു.
1999 ല്‍ പാല്‍മിറാസിനെതിരെ വിജയിച്ച് ഇന്റര്‍കോണ്ടിനെന്റലും നേടി റെഡ് ഡെവിള്‍സ്. ഈ കിരീടം നേടുന്ന ഏക ബ്രിട്ടീഷ് ക്ലബ്ബാണ് യുണൈറ്റഡ്. അങ്ങനെ പിന്നീടങ്ങോട്ട് കിരീടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു ഫെര്‍ഗൂസനും പിള്ളേരും. 2007-08 സീസണിലെ അവര്‍ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി സ്വന്തമാക്കി. 2008 ക്ലബ്ബ് വേള്‍ഡ് കപ്പ് നേടിയതോടെ അത് സ്വന്തമാക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ടീമായും അവര്‍ മാറി. അവസാനം 2012-13 ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതോടെ 20 കിരീടങ്ങളായി ഉയര്‍ത്താന്‍ യുണൈറ്റഡിനായി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ന്നത് എവിടെന്ന് ചോദിച്ചാല്‍ ഉത്തരം ഇവിടെ നിന്നാണ്. അതായത് 2013 മെയ് 8 ന്. ആ ദിവസം യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച മാനേജരായ ഫെര്‍ഗൂസണ്‍ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങി. പിന്നീട് പലരും യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ എത്തിയെങ്കിലും ആ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്കാര്‍ക്കുമായില്ല. ഇപ്പോള്‍ അമോറിമിൽ എത്തിനില്‍ക്കുന്നു. ഇതിനിടയില്‍ എഫ് എ കപ്പും, കരബാവോ കപ്പും, എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡും,യൂറോപ്പാ ലീഗും നേടിയെങ്കിലും ഫെര്‍ഗൂസണ്‍ പോയതിനുശേഷം പ്രീമിയര്‍ ലീഗ് കിരീടം എടുക്കാന്‍ അവര്‍ക്കായിട്ടില്ല.
എന്നാല്‍ 2005 ല്‍ ക്ലബ് വാങ്ങിയ ഗ്ലേസര്‍ കുടുംബമാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥയ്ക്ക് കാരണക്കാരെന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. അമേരിക്കൻ ബിസിനസ്സ് മാനായ റാറ്റ്ക്ലിഫ് കഴിഞ്ഞ വർഷം ക്ലബ്ബിന്റെ ഉടമസ്ഥവകാശത്തിൽ പങ്കു ചേർന്നതോടെ യുണൈറ്റഡ് എന്ന ക്ലബ്ബിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്. ഒരു ഫുട്ബോൾ സ്ട്രക്ച്ചർ കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ റൂബൻ അമോറിമിന്റെ നേതൃത്വത്തിൽ പഴയ പ്രതാപത്തിലേക്കുള്ള പരിശ്രമത്തിലാണ് യുണൈറ്റഡ്..
ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ യൂറോപ്പിലെ ഈ വമ്പന്‍ ക്ലബ്ബ്. യുണൈറ്റഡ് ഒരു ചരിത്രമാണ്.. ഇതിഹാസമാണ് ആരാധകര്‍ക്ക്. അത് വെറും പൈസയ്ക്ക് വേണ്ടി മാറുമ്പോള്‍ ആ ക്ലബ്ബും നശിക്കും. പക്ഷെ അങ്ങനെ നശിക്കാന്‍ പോകുമ്പോഴേല്ലാം അവരെ രക്ഷിക്കുന്ന എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരും.. അതാണ് അവരുടെ ചരിത്രവും കാണിക്കുന്നത്.. നമ്മുക്ക് പ്രതീക്ഷിക്കാം. ഇത്രയും ചരിത്രമുള്ള ക്ലബ്ബ് വീണ്ടും അവരുടെ പഴയ മോടിയില്‍ തന്നെ തിരിച്ചുവരുമെന്ന്. അമോറിമിനും ടീമിനും അത് സാധിക്കട്ടെ എന്നും വിശ്വസിക്കാം. കാരണം മറ്റു ക്ലബ്ബുകള്‍ ഓരോ വിജയ പടവുകള്‍ കയറുമ്പോഴും യുണൈറ്റഡിന്റെ അവസ്ഥ ഓരോ ആരാധകര്‍ക്കും വിഷമം ഉണ്ടാക്കുകയാണ്. അവരും തിരിച്ചു വരട്ടെ.. പഴയ പ്രതാപത്തോടെ.. യൂറോപ്പിനെ ഭരിക്കാന്‍….
Discussion about this post