ചണ്ഡീഗഡ്: ക്രിക്കറ്റ് ടീം സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഹർഭജൻ സിംഗ്.വിജയ് ഹസാരെ ട്രോഫിയിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന വിദർഭയുടെ മലയാളി താരം കരുൺ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്. ഇന്ത്യൻ ടീം സെലക്ഷനിൻ ഓരോ കളിക്കാർക്കും ഓരോ നിയമമാണെന്ന് ഹർഭജൻ കുറ്റപ്പെടുത്തി.
ചിലർ രണ്ട് കളി മികച്ച് കളിച്ചാൽ തന്നെ ടീമിലെടുക്കും. ചിലർ ഐപിഎല്ലിൽ തിളങ്ങിയതിൻറെ പേരിൽ ടീമിലെടുക്കും. എന്നാൽ മറ്റു ചിലർ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താലും ടീമിലേക്ക് പരിഗണിക്കില്ല. മോശം ഫോമിൻറെ പേരിൽ സീനിയർ താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് പറയുന്നവർ വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹർഭജൻ പറഞ്ഞു.
കരുൺ നായർ പോലെയുള്ള കളിക്കാർക്കുവേണ്ടി ആരും സംസാരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു. എല്ലാവർക്കും വേണ്ടത് ക്രൗഡ് പുള്ളർമാരെയാണ്. അവൻറെ ശരീരത്തിൽ ടാറ്റൂ ഇല്ലാത്തതിൻറെ പേരിലോ ഇനി അവൻ ഫാൻസി ഡ്രസ് ഇടാത്തതിൻറെ പേരിലോ ആണോ ടീമിലെടുക്കാത്തത് എന്നും ഹർഭജൻ സിംഗ് പരിഹസിച്ചു.
Discussion about this post