മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

Published by
Brave India Desk

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ച സംഭവത്തിലെ വിചാരണയ്ക്കായി ഇഡിയ്ക്കാണ് ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയത്. നേരത്തെ അദ്ദേഹത്തെ വിചാരണ ചെയ്യാൻ ലഫ്. ഗവർണർ വി.കെ സക്‌സേനയും അനുമതി നൽകിയിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെ ഇഡി തുടർ നടപടികൾ ഉടൻ ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യുന്നതിനുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ കേസ് പരിഗണിച്ച സുപ്രീംകോടതി കെജ്രിവാളിനെതിരെ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി ആവശ്യപ്പെട്ട് ഇഡി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. അടുത്ത മാസം അഞ്ചിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനിടെ ഇഡി കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പിൽ ആംആദ്മിയ്ക്ക് വലിയ തിരിച്ചടി ആകും.

Share
Leave a Comment

Recent News