ചെങ്ങന്നൂര്‍: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി. ആലപ്പുഴ ചെങ്ങന്നൂരാണ് ഈ സംഭവം. മോഷണത്തിനുശേഷം അല്‍പ്പം ക്ഷീണം തോന്നിയ കള്ളന്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. പിന്നീട് കണ്ണ് തുറന്ന കള്ളന്‍ കണ്ടത് പൊലീസുകാരെയായിരുന്നു. മുംബൈ സ്വദേശിയായ അജയ് മൊഹന്ത (39) ആണ് ഇത്തരത്തില്‍ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് ഭാഷ്യം് ഇങ്ങനെ. ചെങ്ങന്നൂര്‍ നഗരസഭ രണ്ടാം വാര്‍ഡില്‍ മുളമൂട്ടില്‍ പറമ്പില്‍ രാജന്റെ വീടിനുള്ളില്‍ നിന്നാണു കള്ളനെ കൈയോടെ പിടികൂടിയത്. മകളുടെ വീട്ടിലേക്കു പോയതിനാല്‍ രാജന്റെ വീട് 2 മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാജന്റെ സഹോദരന്‍ പുരയിടത്തിലെ കപ്പക്കൃഷി നോക്കാനെത്തിയപ്പോള്‍ വീടിനുള്ളില്‍ ഒരാള്‍ പുതച്ചു മൂടി കിടക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. തുറന്നു കിടന്ന ജനാല വഴി പല തവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതിനാല്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി വീടിനുള്ളില്‍ കടന്നു തട്ടിവിളിച്ചതോടെ കള്ളന്‍ ഉറക്കമുണര്‍ന്നു. എന്നാല്‍ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നു പിടികൂടിയ ശേഷം ഇയാളുമായി നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ കട്ടര്‍, ഹാക്‌സോ ബ്ലേഡ്, കത്തി, കൊടുവാള്‍ എന്നിവ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസിന് മനസിലായി.
വീട്ടിലെ നിരവധി വീട്ടുപകരണങ്ങളും കവര്‍ച്ച നടത്തി കള്ളന്‍ എടുത്തുവെച്ചിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി രണ്ട് ഓട്ടുനിലവിളക്കുകള്‍, ഓടില്‍ തീര്‍ത്ത വാല്‍ക്കിണ്ടി, സേവനാഴി, ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയവ മോഷ്ടിച്ചു. പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തൊണ്ടിമുതല്‍ കണ്ടെടുത്തു.
Discussion about this post