ദിസ്പൂർ : രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ രാഹുൽഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്. ഇന്ത്യക്കെതിരെ പോരാടും എന്നുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവനയെ തുടർന്നാണ് അസമിൽ കേസെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ പാൻ ബസാർ പോലീസ് സ്‌റ്റേഷനിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
“ബിജെപിയും ആർഎസ്എസും ഓരോ സ്ഥാപനവും പിടിച്ചെടുത്തു, ഞങ്ങൾ ഇപ്പോൾ ബിജെപി, ആർഎസ്എസ്, ഇന്ത്യൻ സ്റ്റേറ്റ് എന്നിവയ്‌ക്കെതിരെ പോരാടുകയാണ്” എന്ന വിവാദ പരാമർശമാണ് രാഹുൽ ഗാന്ധി നടത്തിയത്. ജനുവരി 15 ന് ഡൽഹിയിലെ കോട്‌ല റോഡിൽ പാർട്ടിയുടെ പുതിയ ആസ്ഥാനത്തിൻ്റെ ഉദ്ഘാടന വേളയിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഈ വിവാദപ്രസ്താവന നടത്തിയത്.
ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്ക് ഭാരതീയ ന്യായ് സംഹിതയുടെ 152, 197(1)d വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്ക് എതിരായ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി ലംഘിക്കുന്നതും ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ആണ് രാഹുൽഗാന്ധിയുടെ പ്രസ്താവന എന്ന് കാണിച്ച് മൊൻജിത് ചേതിയ എന്ന വ്യക്തി നൽകിയിട്ടുള്ള പരാതിയിലാണ് ഗുവാഹത്തി പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post