ജോലിസമയത്ത് കൂര്‍ക്കം വലിച്ച് ഉറങ്ങിയതിനും ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തതിന് ചൈനയിലെ പൊലീസ് നായയ്ക്ക് ശിക്ഷ. വര്‍ഷാവസാനം നായയ്ക്ക് ലഭിക്കേണ്ടിയിരുന്ന ബോണസ് ഇതോടെ നഷ്ടമായി. ചൈനയിലെ ആദ്യത്തെ കോര്‍ഗി പൊലീസ് നായയായ ഫുസായിയ്‌ക്കെതിരെയാണ് നടപടി. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വെയ്ഫാംഗ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫുസായിക്ക് ബോണസ് തുക നഷ്ടമായ വിവരം പുറത്തുവന്നത്. 384,000ല്‍ അധികം ഫോളോവേഴ്‌സുളള ഈ പേജില്‍ ഫുസായിയുടെയും മറ്റ് പൊലീസ് നായ്ക്കളുടെയും വിശേഷങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കാറുളളത്. നിരവധി സുരക്ഷാജോലികള്‍ ചെയ്തതിന് ഫുസായിക്ക് സമ്മാനം ലഭിക്കുന്ന വീഡിയോകളും പേജിലുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുസായി ചില അച്ചടക്ക ലംഘനങ്ങള്‍ കാണിക്കുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ബോണസ് തുക വാഗ്ദാനം ചെയ്ത് നിരവധി ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്.
2023 ഓഗസ്റ്റ് 28ന് ജനിച്ച ഫുസായ്, വടക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നായയെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. ഇതോടെ ഫുസായിക്ക് സോഷ്യല്‍ മീഡിയയില്‍ സ്വീകാര്യത വര്‍ധിച്ചിരുന്നു.
Discussion about this post