ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജുവിന് പരിക്കേറ്റു. കൈവിരലിന് പൊട്ടലാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിലാണ് സഞ്ജു സാംസണിന് പരിക്കേറ്റത്. ബാറ്റിംഗിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ജോഫ്ര ആർച്ചറുടെ പന്തുകൊണ്ടാണ് താരത്തിന് പരിക്കേറ്റത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സ് ഓപൺ ചെയ്ത സഞ്ജു ഏഴ് പന്തിൽ 16 റൺസെടുത്ത് മടങ്ങിയിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സർ പായിച്ച് തുടങ്ങിയ സഞ്ജു തുടർച്ചയായ അഞ്ചാം മത്സരത്തിലും പുൾ ഷോട്ടിന് ശ്രമിക്കവെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.ഇതിനിടെയാണ് സഞ്ജുവിന് പരിക്കേൽക്കുന്നത്.
ആർച്ചറുടെ ആദ്യ ഓവറിലെ മൂന്നാമത്തെ ഡെലിവറി ഗ്ലൗവിൽ കൊണ്ടാണ് സഞ്ജുവിന്റെ വിരലിന് പരിക്കേറ്റത്. ഫിസിയോ എത്തി പരിശോധിച്ചതിന് ശേഷമാണ് താരം ബാറ്റിങ് തുടർന്നത്. എന്നാൽ ബാറ്റിങ്ങിന് ശേഷം സഞ്ജു ഗ്രൗണ്ടിലിറങ്ങിയിട്ടില്ല.ആറാഴ്ചത്തേക്കുള്ള വിശ്രമമാണ് താരത്തിന് ഇപ്പോൾ നിർദേശിച്ചിരിക്കുന്നതെന്നാണ് വിവരം. ഇങ്ങനെയെങ്കിൽ രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിന് വേണ്ടി കളിക്കാൻ സഞ്ജുവിന് കഴിയില്ല. പരിക്ക് ഭേദമായില്ലെങ്കിൽ ഐപിഎൽ ഒരുക്കങ്ങളെയും ബാധിച്ചേക്കാം. മാർച്ച് 21നാണ് ഐപിഎൽ 2025 സീസണ് തുടക്കമാകുന്നത്.
Discussion about this post