കുരങ്ങന്മാർ പോലും ഇത്ര പഴം തിന്നില്ല; തോറ്റമ്പിയ പാകിസ്താന് നേരെ വിമർശനപെരുമഴ

Published by
Brave India Desk

മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഐസിസി ടൂർണമെന്റിന്റെ ആതിഥേയരായെങ്കിലും സെമിപോലും കടക്കാതെ ദയനീയ തോൽവി ഏറ്റുവാങ്ങി നാണം കെട്ടിരിക്കുകയാണ് പാകിസ്താൻ. ഇന്ത്യയും ന്യൂസിലൻഡും ഗ്രൂപ്പ് എയിൽ നിന്ന് സെമി ടിക്കറ്റെടുത്തപ്പോൾ ബംഗ്ലാദേശും ആതിഥേയരായ പാകിസ്താനും പുറത്താവുകയായിരുന്നു. ഇത് കാരണം പാക് ക്രിക്കറ്റ് ബോർഡും പ്രതിസന്ധിയിലാണെന്നാണ് വിവരങ്ങൾ. കാരണം ടൂർണമെന്റിൽ അവശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികൾ കയറുമോ എന്നതാണ് പിസിബിയെ ആകെമൊത്തം ആശങ്കയിലാക്കുന്നത്. കാണികളെ ആകർഷിക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നതാകട്ടെ ദുബായിലുമാണ്.

ദയനീയ പരാജയത്തിന് പിന്നാലെ എല്ലാ കോണുകളിൽ നിന്നും വലിയ വിമർശനമാണ് പാക് ടീമിന് ഏറ്റുവാങ്ങേണ്ടി വരുന്നത്.സമീപകാലത്തെ ഏറ്റവും മോശം ടീമാണെന്ന വിലയിരുത്തലുകളാണ് മുൻപാക് താരങ്ങൾ വരെ നടത്തുന്നത്. കളിക്കിടെയുള്ള ടീമിന്റെ ഭക്ഷണരീതി വരെ മുൻ ക്യാപ്റ്റൻ വസീം അക്രം കുറ്റപ്പെടുത്തിയിരുന്നു.കളിക്കിടെ ചായക്കുള്ള ഇടവേളയിൽ പാക് ടീമിന് ഒരു പ്ലേറ്റ് നിറയെ വാഴപ്പഴമാണ് നൽകിയത്. കുരങ്ങൻമാർ പോലും ഇങ്ങനെ പഴം തിന്നില്ല. വസിം അക്രം പരിഹസിച്ചു.

ഇതാണ് അവരുടെ ഭക്ഷണരീതി. ഇമ്രാൻഖാൻ ആയിരുന്നു ക്യാപ്റ്റനെങ്കിൽ, അപ്പോൾ അടി കിട്ടിയേനെ’ എന്നും മത്സരശേഷം നടന്ന ഒരു ഷോയിൽ വസിം അക്രം പറഞ്ഞു. കളിയുടെ വേഗത പല മടങ്ങ് വർധിച്ച കാലത്തും പാകിസ്താൻ പുരാതന ക്രിക്കറ്റ് ആണ് കളിക്കുന്നതെന്ന് വസിം അക്രം അഭിപ്രായപ്പെട്ടു. ഈ അവസ്ഥ മാറേണ്ടതുണ്ട്. കഠിനമായ ചുവടുവെപ്പുകൾ ആവശ്യമാണ്. ഭയമില്ലാത്ത, യുവരക്തങ്ങളെ ടീമിൽ എടുക്കണം. ആറോ ഏഴോ മാറ്റങ്ങളെങ്കിലും ടീമിൽ വരുത്തേണ്ടതുണ്ട്. അടുത്ത ആറുമാസം തോൽവിയായിരിക്കും ചിലപ്പോൾ ഫലമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനെ കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അത് തന്റെ സമയം നഷ്ടപ്പെടുത്തുമെന്നുമായിരുന്നു മുൻ സൂപ്പർതാരം ഷോയ്ബ് അക്തറിന്റെ കുറ്റപ്പെടുത്തൽ. പൈസ കിട്ടുന്നത് കൊണ്ട് മാത്രമാണ് താനിത് ചെയ്യുന്നതെന്ന് പോലും അദ്ദഹം തുറന്നടിച്ചിരുന്നു. സച്ചിൻ ടെൻഡുൽക്കറായിരുന്നു വിരാട് കോഹ്ലിയുടെ ഹീറോയെന്നും എന്നാൽ ബാബർ അസം തെറ്റായ ഹീറോയെയാണ് ഇക്കാലമത്രയും പിന്തുടർന്നതെന്നും അക്തർ കുറ്റപ്പെടുത്തി. തുടക്കം മുതലേ ബാബർ ഒരു ഫ്രോഡായിരുന്നു എന്ന് വരെ ഷോയ്ബ് അക്തർ വിമർശിച്ചു.

ഈ 2025-ലും പാകിസ്താൻ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു മുൻതാരം ഷാഹിദ് അഫ്രീദിയുടെ വിമർശനം. മറ്റു ടീമുകളൊക്കെ ഇക്കാര്യത്തിൽ വളരെ മുന്നോട്ടുപോയപ്പോൾ പാകിസ്താൻ ഏറെ പിറകോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ കളിയോടുള്ള സമീപനത്തെയും അഫ്രീദി വിമർശിച്ചു. ജയം നേടുക എന്നതല്ല പലരുടെയും ഉദ്ദേശമെന്നും വ്യക്തിഗത നേട്ടങ്ങൾക്കും ബാറ്റിംഗ് ആവറേജുകൾക്കുമാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ഡോട്ട് ബോളുകൾ കളിച്ചതും പാകിസ്താന് വിനയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പാകിസ്താന്,ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശുമായി ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ഇതിലൂടെ ഒരു ആശ്വാസ ജയം മാത്രമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്. ഫോമിലായ ഇന്ത്യയാവട്ടെ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനൊപ്പം ചാമ്പന്യൻസ് ട്രോഫി സ്വന്തമാക്കാനുള്ള കുതിപ്പിലാണ്.

Share
Leave a Comment