പാകിസ്താൻ സൈന്യത്തിന്റെ വക്താവും ആർമിയുടെ ഇൻഫർമേഷൻ വിംഗ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ച സുൽത്താൻ ബഷീറുദ്ദീൻ മഹ്‌മൂദിന്റെ മകനാണ് ഐഎസ്പിആർ ഡയറക്ടർ അഹമ്മദ് ഷെരീഫ് ചൗധരിയെന്നാണ് വിവരം.
അഹമ്മദ് ഷെരീഫ് ചൗധരിയുടെ പിതാവ് കുപ്രസിദ്ധ ഭീകരനായ ഒസാമ ബിൻ ലാദന് രാസ, ജൈവ, ആണവ ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്ന വ്യക്തിയായിരുന്നു. സുൽത്താൻ ബഷീറുദ്ദീൻ മഹമൂദ് പാകിസ്താൻ ആറ്റോമിക് എനർജി കമ്മീഷനിൽ (പിഎഇസി) ജോലി ചെയ്തിരുന്നു. ഇന്ത്യയുടെ പ്രശസ്തമായ ആണവപരീക്ഷണമായ സ്‌മൈലിംഗ് ബുദ്ധയ്ക്ക് ശേഷമാണ് ഇയാൾ പിഎഇസിയിലെ ഒരുവിഭാഗത്തിന്റെ ഡയറക്ടറായി മാറിയത്. പാകിസ്താൻ തങ്ങളുടെ ആണവ പദ്ധതിയിൽ മഹ്‌മൂദിന്റെ സംഭാവനകളെ ആഘോഷിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ഏജൻസികൾ വളരെക്കാലമായി ഇയാളെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
തുടർന്ന് 1999-ൽ മഹ്‌മൂദ് ഉമ്മ തമീർ-ഇ-നൗ (UTN) എന്ന സംഘടന സ്ഥാപിച്ചു. 2001-ൽ അമേരിക്ക നിരോധിച്ച ഒരു തീവ്ര സംഘടനയായിരുന്നു ഇത്. കൂടാതെ 2001 ഡിസംബറിൽ അൽ-ഖ്വയ്ദ ഉപരോധ സമിതി ഉപരോധമേർപ്പെടുത്തിയവരുടെ പട്ടികപ്പെടുത്തി മഹ്‌മൂദിനെയും ഉൾപ്പെടുത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫീസ് ഓഫ് ഫോറിൻ അസറ്റ്‌സ് കൺട്രോൾ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. കാബൂളിലെ വസീർ അക്ബർ ഖാനിലുള്ള അൽ-ഖ്വയ്ദ സേഫ് ഹൗസ് എന്നാണ് ഇയാളുടെ വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജിന്നുകളെ പിടികൂടി വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന ആശയമാണ് ഇയാളുടെ കൂടുതൽ വിചിത്രവും വ്യാപകമായി പരിഹസിക്കപ്പെട്ടതുമായ അവകാശവാദങ്ങളിൽ ഒന്ന്.
അതേസമയം പാക് ആർമിയിൽ ത്രീ സ്റ്റാർ ജനറലായ മകൻ അഹമ്മദ് ഷെരീഫ് ചൗധരി നിലവിൽ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിന്റെ (ഐഎസ്പിആർ) 22-ാമത് ഡയറക്ടർ ജനറലാണ്. ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന തരത്തിലുള്ള പ്രവൃത്തികളും ന്യായീകരണങ്ങളുമാണ് അഹമ്മദ് ഷെരീഫ് ചൗധരി പലപ്പോഴും ചെയ്തിരുന്നത്.
Discussion about this post