പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം ബ്രഹ്‌മോസ് മിസൈലിനായി ക്യൂനിന്ന് ലോകരാജ്യങ്ങൾ. മിസൈൽ വാങ്ങാനായി 17 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതായാണ് വിവരങ്ങൾ. ബ്രഹ്‌മോസ് വാങ്ങാൻ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീൻസായിരുന്നു. ഫിലിപ്പീൻസിന് ഇന്ത്യ 375 മില്യൺ ഡോളർ കരാറിൻറെ ഭാഗമായി ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോൾ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻറീന, വെനസ്വേല, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡിൽ-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. ബ്രഹ്‌മോസ് മിസൈൽ വികസിപ്പിച്ചത് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) റഷ്യൻ എൻപിഒയും ചേർന്നാണ്. ഇവർ ഒരുമിച്ച് ബ്രഹ്‌മോസ് എയ്റോസ്പേസ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ഇന്ത്യയിലെ ബ്രഹ്‌മപുത്ര , റഷ്യയിലെ മോസ്‌കവ എന്നീ രണ്ട് നദികളുടെ പേരുകളിൽ നിന്നാണ് ബ്രഹ്‌മോസ് എന്ന നാമം ലഭിച്ചത്.
റഡാറിൽ നിന്നോ പ്രതിരോധ നിരീക്ഷണത്തിൽ നിന്നോ ഒഴിഞ്ഞുമാറി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കഴിയുന്ന തരത്തിൽ വളരെ വേഗത്തിൽ പറക്കാൻ കഴിയുന്ന മിസൈലാണിത്. ബ്രഹ്‌മോസ് ഒരു ദീർഘദൂര റാംജെറ്റ്(എയർ ബ്രീതിങ്) സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയീസ് മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത്. അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന പൈലറ്റില്ലാത്ത വിമാനം പോലെയാണ് ബ്രഹ്‌മോസ്. ഏകദേശം 2.8 മാക് (സെക്കൻഡിൽ 900 മീറ്റർ) വേഗതയിൽ സഞ്ചരിക്കുന്ന ഇതിന് 300 മുതൽ 800 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്.
Discussion about this post