ന്യൂഡൽഹി;”പാർലമെന്റ് പാസാക്കിയ നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രിംകോടതി .വഖഫ് നിയമ ഭേദഗതിയ്ക്കെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രിംകോടതിയുടെ പരാമർശം.
വഖഫ് ഭേദഗതി നിയമത്തിൻറെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച മൂന്ന് ഹർജികളാണ് കോടതിയുടെ രണ്ടംഗ ബെഞ്ച് ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹിന്റെയും അധ്യക്ഷതയിലുളള ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്.
ഹർജിക്കാർക്ക് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ കോടതിയിൽ ഹാജരായി. വഖഫ് അല്ലാഹുവിന് നൽകുന്ന സംഭാവനയാണ്. വഖഫിന് നൽകുന്ന സ്വത്ത് എന്നെന്നേക്കുമായി വഖഫിന്റേതായിക്കഴിഞ്ഞാൽ, അത് മറ്റാർക്കും കൈമാറാൻ കഴിയില്ലെന്ന് കബിൽ സിബൽ കോടതിയിൽ വാദിച്ചു. വഖഫിനെ സംരക്ഷിക്കുന്നതിനാണ് വഖഫ് നിയമം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ജുഡീഷ്യൽ വഴിയല്ലാതെ വഖഫ് ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലാണ് നിയമത്തിലെ പുതിയ ഭേദഗതി വന്നിരിക്കുന്നതെന്നാണ് കബിൽ സിബലിൻറെ വാദം.
വഖഫിനെ സംബന്ധിച്ച് ഉപയോക്താക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, വഖഫിന്റെ ഘടന, കളക്ടറുടെ അന്വേഷണം എന്നിവ ഇതിൽ ഉൾപ്പെടണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. വഖഫ് ബോർഡിന് ദാനം ചെയ്യാത്തതും എന്നാൽ വളരെക്കാലമായി വഖഫിനായി ഉപയോഗിച്ചുവരുന്നതുമായ സ്വത്തുക്കൾ വഖഫ് ബൈ യൂസറിൽ ഉൾപ്പെടുന്നുവെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. രണ്ടാമത്തെ പ്രശ്നം വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ പ്രവേശനവുമായി ബന്ധപ്പെട്ടതാണ്., മൂന്നാമത്തെ പ്രശ്നം വഖഫ് സ്വത്തുക്കൾ അന്വേഷിക്കാനുള്ള അവകാശം കളക്ടർക്ക് നൽകിയിട്ടുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥയെക്കുറിച്ചാണ്.
Discussion about this post