ടോക്യോ : ജപ്പാന്റെ സ്വകാര്യ ചാന്ദ്ര ദൗത്യമായ ‘റെസിലിയൻസ്’ പരാജയപ്പെട്ടു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദൗത്യം പരാജയപ്പെടുന്നത്. ‘റെസിലിയൻസ്’ ഹാർഡ് ലാൻഡിങ് നടത്തി ഇടിച്ചിറങ്ങുകയായിരുന്നു എന്ന് ജപ്പാൻ സ്ഥിരീകരിച്ചു.
ടോക്യോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഐസ്‌പേസ് ആണ് ‘റെസിലിയൻസ്’ ചാന്ദ്ര ദൗത്യം നടത്തിയിരുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള കമ്പനിയുടെ രണ്ടാമത്തെ ശ്രമമായിരുന്നു ഇത്. ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമായി നടത്തിയെങ്കിലും ഇന്ന് ജപ്പാൻ സമയം പുലർച്ചെ 4 :17ന് റെസിലിയൻസ് ചന്ദ്രനിൽ ഹാർഡ് ലാന്റിംഗ് നടത്തുകയായിരുന്നു. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ദൗത്യം പരാജയപ്പെട്ടതായി ഐസ്പേസ് പ്രഖ്യാപിച്ചു.
ചന്ദ്രന്റെ സമീപ ഭാഗത്തുള്ള മേർ ഫ്രിഗോറിസ് (തണുത്ത കടൽ) മേഖലയിൽ ഒരു സോഫ്റ്റ് ടച്ച്ഡൗൺ നടത്താനാണ് ഐസ്പേസ് ലക്ഷ്യമിട്ടത് . എന്നാൽ ഷെഡ്യൂൾ ചെയ്ത ടച്ച്ഡൗണിന് ഒരു മിനിറ്റും 45 സെക്കൻഡും മുമ്പ് ലാൻഡറിൽ നിന്നുള്ള ടെലിമെട്രി നിലച്ചതായി കമ്പനി വ്യക്തമാക്കി. 2023 ഏപ്രിലിൽ ഐസ്പേസ് നടത്തിയ ആദ്യ ചാന്ദ്ര ലാൻഡിംഗ് ശ്രമവും ഇതേ രീതിയിൽ ഹാർഡ് ലാൻഡിങ് നടത്തി ഇടിച്ചിറങ്ങുകയായിരുന്നു.
Discussion about this post