ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകീട്ട് 5:30-ലേക്കാണ് മാറ്റിയത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റായ ശുഭാൻഷു ശുക്ല ഉൾപ്പെട്ട സംഘമാണ് അമേരിക്കൻ സ്വകാര്യ ഏജൻസി നടത്തുന്ന ദൗത്യത്തിന്റെ ഭാഗമാകുന്നത്.
നേരത്തേ പലതവണ ആക്സിയോം-4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയിരുന്നു. മേയ് 29-നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അത് ജൂൺ എട്ടിലേക്ക് മാറ്റുകയായിരുന്നു. തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം ആവശ്യമായതിനാൽ വിക്ഷേപണം ജൂൺ 10-ലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇപ്പോൾ മൂന്നാമതും വിക്ഷേപണ തിയ്യതി മാറ്റുന്നത്.
ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്‌ക്കൊപ്പം പോളണ്ടിൽനിന്നും ഹംഗറിയിൽനിന്നുമുള്ള സഞ്ചാരികളുമുണ്ട്.
യാത്രയുടെ ഭാഗമായി ശുഭാംശുവും സംഘവും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ക്വാറന്റൈന് മുന്നോടിയായി ആക്സിയോം സ്പേസ് ജീവനക്കാർ ക്രൂ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകിയിരുന്നു. ഈ ദൗത്യം വിജയകരമാകുമെന്ന് ഉറപ്പുണ്ടെന്ന് ചടങ്ങിൽ ശുഭാംശു ശുക്ല പറഞ്ഞു.നാസയുടെ മുതിർന്ന ബഹിരാകാശ യാത്രികനും ആക്സിയോം സ്പെയ്‌സിന്റെ ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സ്ലാവോഷ് ഉസ്നാൻസ്‌കി-വിസ്നിയേവ്സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റംഗങ്ങൾ.
Discussion about this post