ടെഹ്റാൻ : ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ നടന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. 5 കാർബോംബ് സ്ഫോടനങ്ങൾ ആണ് ടെഹ്റാനിൽ നടന്നത്. ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത് ആണവ ശാസ്ത്രജ്ഞർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ഇതുവരെ 14 ആണവ ശാസ്ത്രജ്ഞർ ആണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്.
ടെഹ്‌റാനിലെ ആണവ പദ്ധതിക്കും സൈനിക വ്യവസായങ്ങൾക്കുമെതിരായ ഇസ്രായേൽ നടപടി മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് ആക്രമണങ്ങൾ ഉണ്ടായത്. ടെഹ്‌റാനിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വ്യാപകമായ ഇസ്രായേലി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഷിറാസിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങളുണ്ടായി.
ഞായറാഴ്ച ഇറാനിൽ ആക്രമണം നടത്തുന്നതിനു മുൻപ് ഇസ്രായേൽ പൊതുജനങ്ങൾക്ക് ഒഴിഞ്ഞുപോകാനായി സന്ദേശം നൽകി. പേർഷ്യൻ ഭാഷയിൽ സമൂഹമാധ്യമങ്ങളിലൂടെ ആണ് സന്ദേശം പങ്കുവെച്ചത്. സൈനിക ആയുധ നിർമ്മാണ സൗകര്യങ്ങളിലും അവരുടെ സഹായ സ്ഥാപനങ്ങളിലും ഉള്ളവരെല്ലാം പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ തിരികെ വരരുത് എന്നുമായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ അറബി ഭാഷാ വക്താവ് കേണൽ അവിചയ് അദ്രെയ് ഇറാനിയൻ ജനതയ്ക്ക് നൽകിയ സന്ദേശം. ഐഡിഎഫ് പേർഷ്യൻ ഭാഷാ വക്താവ് മാസ്റ്റർ സാർജന്റ് കമാൽ പെൻഹാസിയും അപകടകരമായ മേഖലകളിൽ നിന്നും ഒഴിഞ്ഞു പോകാൻ പൊതുജനങ്ങളെ അറിയിച്ചു.
Discussion about this post