ന്യൂഡൽഹി : ജയിലിൽ കഴിയവേ തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ഐസിസ് ഇന്ത്യ തലവൻ സാക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്)യുടെ ഇന്ത്യൻ നേതൃത്വത്തിന്റെ ചുമതല ഉണ്ടായിരുന്ന ഇയാളെ മുംബൈ സ്ഫോടന കേസിൽ ആണ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ നാല് ദിവസമായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നേരത്തെ 2002-03 മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട നാച്ചനെ പിന്നീട് ഐസിസ് പ്രവർത്തനങ്ങളെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ആഴ്ച ആദ്യം മസ്തിഷ്കാഘാതത്തെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ചയാണ് തിഹാർ ജയിൽ അധികൃതർ നാച്ചനെ ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച നില വഷളായതായും ഉച്ചയ്ക്ക് 12:10 ന് മരിച്ചതായും ആണ് ജയിലധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. നാച്ചന്റെ അന്ത്യകർമങ്ങൾ ഞായറാഴ്ച മഹാരാഷ്ട്രയിലെ പഡ്ഗയ്ക്കടുത്തുള്ള ബോറിവാലി ഗ്രാമത്തിൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2023 ഡിസംബർ 9 ന് ആയിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എൻഐഎ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാൾക്ക് രണ്ടാമത്തെ ഹൃദയാഘാതം സംഭവിച്ചിരുന്നതായി അഭിഭാഷകൻ സൂചിപ്പിച്ചു. നേരത്തെയും രണ്ടുതവണ ഇയാൾക്ക് മസ്തിഷ്കാഘാതം ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post