തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ എഞ്ചിനീയർമാരുടെ സംഘമാണ് യുദ്ധവിമാനത്തിന്റെ തകരാറ് പരിഹരിക്കാനുള്ള ശ്രമം തുടരുന്നത്. വിമാനത്തിന്റെ നിർമാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ എപ്പോൾ പരിഹരിക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരിൽനിന്ന് ഈടാക്കും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ പ്രതിദിന ഫീസ് 10,000 – 20,000 രൂപ വരെയാകാം. വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാൻഡ് ചെയ്യാൻ 1 – 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാർക്കു നൽകേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയർമാരുമായി ബ്രിട്ടനിൽ നിന്നെത്തിയ എയർബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാൻഡിങ് ചാർജ് നൽകേണ്ടി വരും.
ഈ കഴിഞ്ഞ ജൂൺ 14 നാണ്, എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്കുള്ളിൽ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
Discussion about this post