കാമുകന്റെ ശവസംസ്‌കാരചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി വിവാഹിതയാണെന്ന് പ്രഖ്യാപിച്ച് യുവതി.മഹാരാഷ്ട്രയിലെ നന്ദേഡിലാണ് സംഭവം. യുവതിയുടെ സഹോദരന്മാരും പിതാവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ആഞ്ചൽ എന്നാണ് പെൺകുട്ടിയുടെ പേര്. ജാതിമാറി പ്രണയിച്ചതിനാണ് ആഞ്ചലിന്റെ വീട്ടുകാർ സാക്ഷം ടേറ്റ് എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
സാക്ഷവുമായുള്ള ബന്ധത്തെ കുടുംബം ജാതി വ്യത്യാസം പറഞ്ഞ് എതിർത്തെങ്കിലും ഇരുവരും പിന്മാറാൻ കൂട്ടാക്കിയില്ല. യുവതി കാമുകനെ വിവാഹംപോകുകയാണെന്ന് മനസിലാക്കിയതോടെയാണ് വ്യാഴാഴ്ച യുവതിയുടെ വീട്ടുകാർ സാക്ഷം ടേറ്റിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ ആഞ്ചലിന്റെ സഹോദരങ്ങളും പിതാവുമടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
യുവാവിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ യുവതി അയാളുടെ വീട്ടിൽ എത്തുകയായിരുന്നു. സാക്ഷം ടേറ്റിന്റെ മൃതദേഹത്തെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ച യുവതി കൊലപാതകം നടത്തിയവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.








