ആലപ്പുഴ: ഒരു സീറ്റ് പോലും നല്‍കാതെ ഗൗരിയമ്മയോട് സിപിഎമ്മും എല്‍ഡിഎഫും ചെയ്തത് രാഷ്ട്രീയച്ചതിയെന്ന് വിലയിരുത്തല്‍. കൂടെ കൂട്ടാമെന്ന് വാഗ്ദാനം നല്‍കി ജെഎസ്എസ്സിനെ തകര്‍ക്കുകയും പിന്നീട് ഗൗരിയമ്മയെ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ ഒരു സീറ്റിലും മത്സരിക്കാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കേണ്ട ഗതികേടിലാണ് ഗൗരിയമ്മയുടെ ജെഎസ്എസ്.
സിപിഎമ്മിന്റെ നടപടിയില്‍ കടുത്ത അമര്‍ഷം ഉണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാതെ ഉള്ളിലൊതുക്കേണ്ട അവസ്ഥയിലാണ് ഗൗരിയമ്മ. നാലു സീറ്റുകളാണ് ജെഎസ്എസ്, സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. ഗൗരിയമ്മ പതിറ്റാണ്ടുകളായി പ്രതിനിധീകരിച്ച അരൂര്‍, അല്ലെങ്കില്‍ കഴിഞ്ഞ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട ചേര്‍ത്തല, കൊല്ലത്ത് ഇരവിപുരം അല്ലെങ്കില്‍ ചവറ, വര്‍ക്കല, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളാണ് ജെഎസ്എസ് ചോദിച്ചത്. എന്നാല്‍ ഒരു സീറ്റ് പോലും നല്‍കാന്‍ സിപിഎം തയ്യാറായില്ല, 22 വര്‍ഷങ്ങള്‍ക്കുശേഷം ഗൗരിയമ്മ എകെജി ഭവന്റെ പടി കയറിയതും വൃഥാവിലായി. സിപിഎം വിട്ടവരുടെ അവസ്ഥ ഇതാണെന്ന പതിവ് പരിഹാസം ഏറ്റുവാങ്ങാനാണ് വിപ്ലവ നായികയായ ഗൗരിയമ്മയുടെ ദുര്യോഗം.
കോടിയേരി ബാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗൗപിയമ്മ യുഡിഎഫ് വിടാന്‍ തയ്യാറായത്. ലയനനീക്കം പാളിയതോടെ എല്‍ഡിഎഫിലേക്ക് എത്താമെന്ന പ്രതീക്ഷയും ആസ്ഥാനത്തായി. ജെഎസ്എസിനെ പിളര്‍ത്തിയതും സിപിഎമ്മിന്റെ ഇടപെടലുകളാണ്. ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് ഇന്ന് നാലു കഷണങ്ങളാണ്. ഇതില്‍ അണികളുള്ള രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ്, ബിജെപി നയിക്കുന്ന എന്‍ഡിഎയിലാണ്.
നിയമസഭാ തെരഞ്ഞടുപ്പില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും, ലോക്‌സഭാ തെരഞ്ഞടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ഗൗരിയമ്മയെ സിപിഎം പ്രചരണ രംഗത്തിറക്കിയത് .ഒരു ഘട്ടത്തില്‍ വിഎസിനെ ഒഴിച്ച് നിര്‍ത്താന്‍ ഗൗരിയമ്മയെ മുന്‍നിരയില്‍ നിര്‍ത്താമെന്ന വാഗ്ദാനവും സിപിഎം മുന്നോട്ട് വച്ചു. എന്നാല് വിഎസ് പാര്‍ട്ടി പ്രചരണവേദിയില്‍ സജീവമായതോടെ ഗൗരിയമ്മയില്‍ നിന്ന് കാര്യമായോന്നും പ്രതീക്ഷിക്കാനില്ലെന്നാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.
Discussion about this post