2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളെക്കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി. ഫോമിലുള്ള ഇഷാൻ കിഷൻ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യണമെന്നും സഞ്ജു സാംസൺ തന്റെ അവസരങ്ങൾ പാഴാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാക്കുകൾ ഇങ്ങനെ:
“ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ലഭിച്ച സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ സഞ്ജു പരാജയപ്പെട്ടു. സഞ്ജുവിന്റെ കാര്യത്തിൽ സങ്കടമുണ്ട്. പക്ഷെ ഇഷാൻ പുറത്തെടുക്കുന്നത് ഗംഭീര പ്രകടനമാണ്. സഞ്ജു ഫോമിലാകാൻ കാത്തുനിൽക്കുന്നതിനേക്കാൾ ഇപ്പോൾ ഫോമിലുള്ള ഇഷാൻ കിഷനെ കളിപ്പിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്. വ്യക്തികളേക്കാൾ ഇന്ത്യയുടെ വിജയത്തിനാണ് പ്രാധാന്യം നൽകേണ്ടത്.”
സഞ്ജുവിന്റെ ബാറ്റിംഗിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ചോപ്ര വിശദീകരിച്ചു. മാനസികമായ സമ്മർദ്ദം കാരണം പന്തിന്റെ ലെങ്ത് മനസ്സിലാക്കുന്നതിൽ സഞ്ജുവിന് തെറ്റുപറ്റുന്നുണ്ടെന്നും, മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ ഇത്തരം പിഴവുകൾ സ്വാഭാവികമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇഷാൻ കിഷൻ അവസാനം കളിച്ച 4 ഇന്നിംഗ്‌സുകളിൽ നിന്നായി 53.75 ശരാശരിയിൽ 215 റൺസ് നേടിയപ്പോൾ സഞ്ജു 5 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 9.20 ശരാശരിയിൽ 46 റൺസ്. മാത്രമാണ് നേടിയത്.
2026 ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ലോകകപ്പിലെ പോലെ ഇത്തവണയും സഞ്ജുവിന് ടൂർണമെന്റിലുടനീളം പുറത്തിരിക്കേണ്ടി വരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്.












