മംഗളൂരു : കർണാടകയിൽ സ്വകാര്യ ചാർട്ടർ വിമാനം തകർന്നുവീണു. വിജയപുര ജില്ലയിലെ ബബലേശ്വറിലെ ഒരു വയലിലാണ് വിമാനം തകർന്നു വീണത്. റെഡ്ബേർഡ് ഏവിയേഷന്റെ സ്വകാര്യ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെഡ്ബേർഡ് ഫ്ലൈയിംഗ് ട്രെയിനിംഗ് അക്കാദമി ലിമിറ്റഡ് സെസ്ന 172 എയർക്രാഫ്റ്റ് VT-EUC (MSN-17265717) ബാഗൽകോട്ട് വിമാനത്താവളത്തിന് സമീപമുള്ള ഒരു വയലിൽ നിർബന്ധിത ലാൻഡിംഗ് നടത്തിയതയാണ് ഡിജിസിഎ അറിയിക്കുന്നത്. അസിസ്റ്റന്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ (എഎഫ്ഐ) ആയ ക്യാപ്റ്റൻ കുനാൽ മൽഹോത്ര, ട്രെയിനി പൈലറ്റ് ഗൗതം ശങ്കർ പിആർ എന്നിവരാണ് അപകട സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാരുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ഇരുവരെയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.
കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോകുമ്പോൾ എഞ്ചിനിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. പൈലറ്റിന്റെ മനോധൈര്യം വലിയ അപകടം ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പൈലറ്റ് അതിശക്തമായി വയലിൽ ഇടിച്ചിറക്കിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Discussion about this post