വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിന് വേഗത കൂട്ടാൻ ലക്ഷ്യമിട്ട് ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ റോഡ്-റെയിൽ തുരങ്കം വരുന്നു. അസമിലെ ഗോഹ്പൂരിനെയും നുമാലിഗഡിനെയും ബന്ധിപ്പിക്കുന്ന ഈ വമ്പൻ പദ്ധതിക്ക് 18,662 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. നിലവിൽ നുമാലിഗഡിൽ നിന്നും ഗോഹ്പൂരിലെത്താൻ കാസിരംഗ നാഷണൽ പാർക്ക് വഴി ഏകദേശം 240 കിലോമീറ്റർ സഞ്ചരിക്കണം. ഇതിനായി ചുരുങ്ങിയത് ആറ് മണിക്കൂർ സമയമാണ് വേണ്ടി വരുന്നത്. എന്നാൽ പുതിയ ടണൽ യാഥാർത്ഥ്യമാകുന്നതോടെ ഈ ദൂരം ഗണ്യമായി കുറയുകയും യാത്രാസമയം മിനിറ്റുകളായി ചുരുങ്ങുകയും ചെയ്യും. ഇത്തരത്തിൽ വെള്ളത്തിനടിയിലൂടെ നിർമ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും റോഡ്-റെയിൽ തുരങ്കമാണിത് എന്നത് പദ്ധതിയുടെ സവിശേഷത വർദ്ധിപ്പിക്കുന്നു.
അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ ഈ പദ്ധതി വലിയ വിപ്ലവം സൃഷ്ടിക്കും. 11 സാമ്പത്തിക ഇടനാഴികൾ, രണ്ട് വിമാനത്താവളങ്ങൾ, രണ്ട് പ്രധാന ജലപാതകൾ, നാല് റെയിൽവേ സ്റ്റേഷനുകൾ എന്നിവയെ ഈ പുതിയ ഇടനാഴി പരസ്പരം ബന്ധിപ്പിക്കും. ചരക്ക് നീക്കം എളുപ്പമാകുന്നതോടെ വടക്കുകിഴക്കൻ മേഖലയിലെ ലോജിസ്റ്റിക്സ് ചിലവ് വലിയ രീതിയിൽ കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇപിസി (Engineering-Procurement-Construction) മാതൃകയിലാണ് ഈ നാലുവരി ഗ്രീൻഫീൽഡ് പാത വികസിപ്പിക്കുന്നത്. ഇതിനുപുറമെ, തന്ത്രപരമായ മേഖലകളിൽ സൈനിക നീക്കങ്ങൾ വേഗത്തിലാക്കാനും അതിർത്തികളിൽ സുരക്ഷാ കവചമൊരുക്കാനും ഈ തുരങ്കം ഭാരതത്തിന് കരുത്തുപകരും.
കഴിഞ്ഞ ദിവസം അസമിലെ ദിബ്രുഗഡിൽ ദേശീയ പാതയോട് ചേർന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യ എമർജൻസി ലാൻഡിങ് സ്ട്രിപ്പിൽ വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ലാൻഡ് ചെയ്തിരുന്നു. ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങൾ നേരിടാൻ വ്യോമസേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് അതിവേഗത്തിൽ ഇത്തരം വികസന പ്രവർത്തനങ്ങൾ അതിർത്തി സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത്. യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ ഈ ഹൈവേകൾ ഉപയോഗിക്കാൻ സാധിക്കും. വടക്കുകിഴക്കൻ ഭാരതത്തെ രാജ്യത്തിന്റെ പ്രധാന വികസന ഹബ്ബാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഈ പുതിയ തുരങ്ക പദ്ധതി വേഗത കൂട്ടും.











