ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ ഒഴിവാക്കി. പകരമായി അശോക് മിത്തൽ ചുമതലയേൽക്കും. മാറ്റം അറിയിച്ചുകൊണ്ട് ആം ആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി സംവിധാനത്തിൽ വരുത്തുന്ന വലിയ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നടപടിയെ കാണുന്നത്.
പാർലമെന്ററി കാര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് എ.എ.പി നേതൃത്വം വ്യക്തമാക്കി. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (LPU) സ്ഥാപകനായ അശോക് മിത്തലിന്റെ വിദ്യാഭ്യാസ മേഖലയിലെ പരിചയസമ്പത്ത് പാർലമെന്റിലെ ചർച്ചകളിൽ പാർട്ടിയെ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നു. രാജ്യസഭയിൽ സഞ്ജയ് സിംഗ് പാർട്ടിയുടെ നേതാവായി തുടരും. അദ്ദേഹത്തിന് പിന്നിൽ രണ്ടാമനായി അശോക് മിത്തൽ പ്രവർത്തിക്കും.










