ബംഗ്ലാദേശിൽ ബലിപെരുന്നാൾ വിപണിയിൽ തരംഗമായി ലോകനേതാക്കളുടെ പേരുള്ള പോത്തുകൾ. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പേരിലുള്ള പോത്തുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. നാരായൺഗഞ്ച് പൈക്പാറയിലെ ഒരു ഫാമിലുള്ള 700 കിലോ തൂക്കമുള്ള അൽബിനോ പോത്താണ് ഇതിൽ താരം. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള രൂപസാദൃശ്യം കാരണമാണ് ഇതിന് ‘ഡൊണാൾഡ് ട്രംപ്’ എന്ന് പേരിട്ടത്.
ഈ പോത്തിന്റെ തലയിലെ സ്വർണ്ണനിറത്തിലുള്ള രോമങ്ങളും മുഖത്തിന്റെ പ്രത്യേകതയുമാണ് ട്രംപുമായുള്ള സാദൃശ്യത്തിന് കാരണം. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും പോത്തിന്റെ വീഡിയോകൾ വൈറലായതോടെ നിരവധി ആളുകളാണ് ഇതിനെ നേരിട്ട് കാണാൻ ഫാമിലേക്ക് എത്തുന്നത്. “കാണാൻ ട്രംപിനെപ്പോലെ ആണെങ്കിലും ട്രംപിനെക്കാൾ ശാന്തനും മാന്യനുമാണ് ഞങ്ങളുടെ പോത്ത്” എന്നാണ് സന്ദർശകർ തമാശയായി പറയുന്നത്.
ട്രംപിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പോത്താണ് 750 കിലോ തൂക്കമുള്ള ‘ബെഞ്ചമിൻ നെതന്യാഹു’. ട്രംപ് ശാന്തനാണെങ്കിൽ നെതന്യാഹു അൽപ്പം കുറുമ്പനാണ്. ആളുകളെ കാണുമ്പോൾ ശബ്ദമുണ്ടാക്കുന്നതും കൊമ്പുകുലുക്കി പാഞ്ഞടുക്കുന്നതുമാണ് ഈ പോത്തിന്റെ ശീലം. ദക്ഷിണേഷ്യയിൽ അൽബിനോ (വെള്ള നിറത്തിലുള്ള) പോത്തുകൾ വളരെ അപൂർവ്വമാണ്.
ചോളം, സോയാബീൻ, തവിട് എന്നിവയടങ്ങിയ പോഷകാഹാരങ്ങൾ നൽകിയാണ് ഇവയെ വളർത്തുന്നത്. ഇതിനോടകം തന്നെ ട്രംപ് എന്ന് പേരുള്ള പോത്തിനെ ഒരാൾ വാങ്ങിക്കഴിഞ്ഞു എന്ന് ഫാം ഉടമ സിയാവുദ്ദീൻ മൃദ വെളിപ്പെടുത്തി.










