സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണായക തെളിവുകൾ തേടി വീണാ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി ഒരുങ്ങുകയാണ്. വീണാ വിജയന്റെ എച്ച്.ഡി.എഫ്.സി ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ ഏജൻസി തീരുമാനിച്ചു. നേരത്തെ മരവിപ്പിച്ച ഈ അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്, എന്നാൽ ലോക്കർ സൗകര്യം ഉള്ളതിനാലാണ് പരിശോധന നടത്തുന്നത്.
പരമാവധി തെളിവുകൾ ശേഖരിച്ച് മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനാണ് ഇ.ഡിയുടെ നീക്കം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 242 അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. രേഖകളുടെ പരിശോധന പൂർത്തിയാകുന്നതിന് മുൻപേ ബന്ധപ്പെട്ടവർക്ക് സമൻസ് അയക്കാനാണ് തീരുമാനം.
അതേസമയം തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കും. കോർപ്പറേഷൻ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണിയടക്കം ആറുപേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.








