തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ബംഗാൾ ഭരണകക്ഷിയിൽ വീണ്ടും വൻ പൊട്ടിത്തെറി. പാർലമെന്ററി പാർട്ടിയിൽ ഉൾപ്പെടെ ഭിന്നത രൂക്ഷമായതോടെ തൃണമൂലിന്റെ മുതിർന്ന നേതാവും രാജ്യസഭയിലെ ചീഫ് വിപ്പുമായ സുഖേന്ദു ശേഖർ റോയ് എം.പി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു.
പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് അയച്ച കത്തിൽ കടുത്ത വിമർശനങ്ങളാണ് സുഖേന്ദു ഉന്നയിച്ചിരിക്കുന്നത്. അഴിമതിയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കാരണം ബംഗാളിലെ ജനങ്ങൾ തൃണമൂലിനെ പൂർണ്ണമായി തള്ളിക്കളഞ്ഞതായി അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം തുടങ്ങി എല്ലാ മേഖലകളും പൂർണ്ണമായി തകർന്നതായും കത്തിലുണ്ട്. ബിജെപിയെ പ്രകീർത്തിച്ച സുഖേന്ദു, ബംഗാളിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി ഇത്രയും വലിയ വിജയം നേടുന്നതെന്നും, പുതിയ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ബംഗാളിന്റെ പുനർനിർമ്മാണത്തിനായി പ്രവർത്തനം ആരംഭിച്ചതായും വ്യക്തമാക്കി.
ഡൽഹിയിൽ നടക്കുന്ന നിർണ്ണായകമായ ‘ഇന്ത്യാ’ മുന്നണി യോഗത്തിൽ പങ്കെടുത്ത് തന്റെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ മമത ശ്രമിക്കുന്നതിനിടയിലാണ് ഈ നാടകീയ നീക്കങ്ങൾ. രാജ്യസഭയിലെ ചീഫ് വിപ്പ് തന്നെ രാജിവെച്ചതോടെ ദേശീയതലത്തിൽ മമതയുടെ ചർച്ചാ ശക്തിക്ക് ഇടിവ് സംഭവിച്ചിരിക്കുകയാണ്. പാർട്ടിയിലെ വിമത നേതാവായ ഋതബ്രത ബാനർജി 80 ടിഎംസി എംഎൽഎമാരിൽ 61 പേരുടെ പിന്തുണയോടെ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി മാറിയിട്ടുണ്ട്.
നിയമസഭയ്ക്ക് പിന്നാലെ പാർലമെന്ററി പാർട്ടിയിലും പിളർപ്പ് ഉറപ്പായിക്കഴിഞ്ഞു. പാർട്ടിയിലെ 23 എംപിമാർ വിമത വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരങ്ങൾ. ഒരു ഡസനിലധികം ലോക്‌സഭാ എംപിമാർ ചേർന്ന് പുതിയൊരു ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ചർച്ചകളിലാണ്. തൃണമൂലിന് നിലവിൽ ലോക്‌സഭയിൽ 28 എംപിമാരുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കാൻ കുറഞ്ഞത് 22 എംപിമാരുടെ പിന്തുണ വേണം. രാജ്യസഭയിലെ 13 അംഗങ്ങളിൽ പ്രത്യേക ഗ്രൂപ്പാകാൻ ഒൻപത് പേരുടെ പിന്തുണയാണ് വേണ്ടത്.








