ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് ഒരേ ഡിഎൻഎ ആണെന്നും ഭാരതത്തിൽ എത്തിയപ്പോൾ സ്വന്തം വീട്ടിൽ നിൽക്കുന്ന അനുഭവമാണ് തനിക്കുണ്ടായതെന്നും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ കൃഷി, ജലസേചന മന്ത്രി മൗലവി അത്താഉല്ല ഒമാരി. ന്യൂഡൽഹിയിൽ വെച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യാപാര സാധ്യതകൾ’ എന്ന ഉന്നതതല സംവാദത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ നിർണായക പരാമർശം നടത്തിയത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ തനിക്ക് ‘ഇന്ത്യൻ ഡിഎൻഎ’ ആണുള്ളതെന്നും അത് കാരണമാണ് തനിക്ക് ഇന്ത്യൻ സംഗീതം ഇത്രയധികം ഇഷ്ടപ്പെടുന്നതെന്നും പ്രഖ്യാപിച്ച് ആഗോളതലത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പ്രബോവോ സുബിയാന്റോയുടെ ഈ വാക്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ അഫ്ഗാൻ മന്ത്രിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ആത്മബന്ധത്തെ ഡിഎൻഎയുമായി ഉപമിച്ച് സംസാരിച്ചത്. താലിബാൻ ഭരണകൂടം 2021-ൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഡൽഹി സന്ദർശിക്കുന്ന ആദ്യത്തെ അഫ്ഗാൻ മന്ത്രിമാരിലൊരാളാണ് മൗലവി അത്താഉല്ല ഒമാരി.
ഇന്ത്യയിൽ ലാൻഡ് ചെയ്ത ആദ്യ ദിവസം മുതൽ തനിക്ക് ലഭിച്ച സ്നേഹവും ഊഷ്മളമായ വരവേൽപ്പും തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ അഫ്ഗാൻ മന്ത്രി വികാരാധീനനായി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഇന്ത്യൻ ജനതയിൽ നിന്നും ലഭിച്ച ഈ സ്വീകരണം സ്വന്തം രാജ്യത്ത് സ്വന്തം ആളുകൾക്കിടയിൽ കഴിയുന്നതുപോലെയുള്ള സുരക്ഷിതത്വവും പ്രതീക്ഷയുമാണ് തങ്ങൾക്ക് നൽകുന്നത്. അഫ്ഗാനിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 80 ശതമാനത്തോളവും ആശ്രയിക്കുന്നത് കൃഷി, കന്നുകാലി വളർത്തൽ, ജലസേചനം എന്നിവയെയാണ്. എന്നാൽ കാലപ്പഴക്കം ചെന്ന കൃഷിരീതികളാണ് അവിടെ ഇപ്പോഴുമുള്ളത്. കാർഷിക മേഖലയെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആധുനികവത്കരിക്കാൻ അഫ്ഗാനിസ്ഥാന് ഇപ്പോൾ ഇന്ത്യയുടെ വലിയ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാർഷിക യന്ത്രസാമഗ്രികൾ, മെച്ചപ്പെട്ട വിത്തുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയിൽ ഇന്ത്യ കൈവരിച്ച പുരോഗതി തങ്ങളുടെ രാജ്യത്തും നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാൻ മന്ത്രിയുടെ ഈ ‘ഒരേ ഡിഎൻഎ’ പരാമർശം ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ തന്ത്രപ്രധാനമായ ബന്ധം ശക്തമാകുന്നത് അയൽരാജ്യമായ പാകിസ്ഥാന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാൻ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പാകിസ്ഥാൻ മാധ്യമങ്ങളും ഭരണകൂട അനുകൂല പ്രതിരോധ വിദഗ്ധരും ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഈ പുതിയ നയതന്ത്ര അടുപ്പം മേഖലയിൽ തങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമാബാദിന്റെ ആശങ്ക. എന്നാൽ പാകിസ്ഥാന്റെ വിമർശനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ അഫ്ഗാൻ നേതൃത്വം, ഇന്ത്യയുമായുള്ള തങ്ങളുടെ പരമ്പരാഗതമായ സൌഹൃദം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന സൂചനയാണ് നൽകുന്നത്. കാർഷിക മേഖലയ്ക്ക് പുറമേ അഫ്ഗാനിസ്ഥാനിലെ ആരോഗ്യ രംഗത്തും ഇന്ത്യ വലിയ തോതിലുള്ള മാനുഷിക സഹായങ്ങളാണ് നൽകിവരുന്നത്. കാബൂളിലെ ഇന്ദിരാഗാന്ധി ചൈൽഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക ഡയഗ്നോസ്റ്റിക് സെന്ററും ബഗ്രാമിയിൽ മുപ്പത് കിടക്കകളുള്ള പുതിയ ആശുപത്രിയും ക്യാൻസർ സെന്ററുകളും സ്ഥാപിക്കാൻ ഇന്ത്യ സഹായിക്കുന്നുണ്ടെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലിയും അടുത്തിടെ ഡൽഹിയിൽ വെച്ച് കൃതജ്ഞതയോടെ സ്മരിച്ചിരുന്നു.










