പ്രകൃതിയിലെ ഏറ്റവും സാധാരണമായ ജലത്തിൽ നിന്ന് വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ചരിത്രപരമായ കണ്ടെത്തലുമായി ഇന്ത്യൻ വംശജനായ വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ യോഗേന്ദ്ര നാരായൺ ശ്രീവാസ്തവ (Yogendra Narain Srivastava). നൂറിലധികം വർഷങ്ങളായി ആഗോള ശാസ്ത്രലോകത്തെ കുഴപ്പിച്ചിരുന്ന ജലത്തിലെ ഒരു വലിയ ഊർജ്ജ രഹസ്യത്തിനാണ് താൻ ഉത്തരം കണ്ടെത്തിയതെന്ന് 84-കാരനായ പ്രൊഫസർ അവകാശപ്പെടുന്നു. മുറിയിലെ താപനിലയിൽ (Room Temperature) വെറും വെള്ളത്തിൽ നിന്ന് വലിയ തോതിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ ഈ കണ്ടെത്തലിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശാസ്ത്രലോകത്തെ ഈ അമ്പരപ്പിക്കുന്ന അവകാശവാദം ശരിയാണെന്ന് തെളിഞ്ഞാൽ ആഗോള ഊർജ്ജ പ്രതിസന്ധിക്ക് അത് എന്നെന്നേക്കുമായി വിരാമമിടും.
വർഷങ്ങളായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒരു പരീക്ഷണത്തിൽ നിന്നാണ് ഈ കണ്ടെത്തലിന്റെ തുടക്കം. വെള്ളത്തിലേക്ക് ശക്തമായ വൈദ്യുത സ്പാർക്കുകൾ (Electric Sparks) കടത്തിവിടുമ്പോൾ അവിടെ വലിയ തോതിലുള്ള ഒരു പൊട്ടിത്തെറി ഉണ്ടാകാറുണ്ട്. എന്നാൽ, ഈ സ്ഫോടനം സാധാരണ തിളച്ചു മറിയലോ നീരാവിയോ മൂലമല്ല ഉണ്ടാകുന്നത്. 1907-ൽ ആദ്യമായി ക്യാമറയിൽ പകർത്തിയ ഈ പ്രതിഭാസത്തിൽ, കനത്ത സ്ഫോടനത്തോടെ വെള്ളം തെറിച്ചുപോകുമ്പോഴും അത് തികച്ചും തണുത്തിരിക്കുമെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. 1980-കളിൽ പ്രശസ്തമായ എംഐടിയിലെ (MIT) ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിൽ, രണ്ട് ടീസ്പൂൺ ഉപ്പുവെള്ളത്തിലേക്ക് നേരിയ തോതിൽ വൈദ്യുതി കടത്തിവിട്ടപ്പോൾ, ആ വെള്ളം ഒരു യാത്രാവിമാനത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ തെറിച്ചുപോവുകയും കട്ടിയുള്ള ഒരു അലുമിനിയം പ്ലേറ്റിൽ തുളയുണ്ടാക്കുകയും ചെയ്തു. കൊടുക്കുന്ന വൈദ്യുതോർജ്ജത്തേക്കാൾ എത്രയോ മടങ്ങ് വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് തെറിക്കുന്നത്.
തുടർന്ന് 2000-ത്തിൽ പീറ്റർ ഗ്രാനോ, നീൽ ഗ്രാനോ എന്നീ ശാസ്ത്രജ്ഞർ നടത്തിയ സൂക്ഷ്മമായ പരീക്ഷണത്തിൽ, വെള്ളത്തിലേക്ക് നൽകിയ വൈദ്യുതോർജ്ജത്തേക്കാൾ 60 ശതമാനം കൂടുതൽ ഊർജ്ജം സ്ഫോടനത്തിലൂടെ പുറത്തേക്ക് വരുന്നുണ്ടെന്ന് കണ്ടെത്തി. ഭൗതികശാസ്ത്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ രഹസ്യമാണ് പ്രൊഫ. യോഗേന്ദ്ര നാരായൺ ശ്രീവാസ്തവ ഇപ്പോൾ അഴിച്ചെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 1941-ൽ ജനിച്ച ശ്രീവാസ്തവ, 12-ാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസവും 23-ാം വയസ്സിൽ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയ ഒരു അത്ഭുത പ്രതിഭയാണ്. ബോസ്റ്റണിലും ഇറ്റലിയിലും പ്രൊഫസറായിരുന്ന അദ്ദേഹം അഞ്ഞൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകപ്രശസ്ത ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫെയ്ൻമാൻ വരെ ഇദ്ദേഹത്തിന്റെ ആശയങ്ങളെ അംഗീകരിച്ചിരുന്നു. നോബൽ സമ്മാനത്തിനുള്ള നാമനിർദ്ദേശ പാനലിലേക്ക് റോയൽ സ്വീഡിഷ് അക്കാദമി മൂന്ന് തവണയാണ് അദ്ദേഹത്തെ ക്ഷണിച്ചിട്ടുള്ളത്.
നിലവിൽ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എമിരറ്റസ് ആയ ശ്രീവാസ്തവയുടെ ഈ അവകാശവാദം ആഗോള ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. പരമ്പരാഗത ഭൗതികശാസ്ത്ര നിയമങ്ങളെ ഇത് ചോദ്യം ചെയ്യുന്നതിനാൽ വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും ഇതിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എങ്കിലും, ഈ കണ്ടെത്തലിന്റെ യാഥാർത്ഥ്യം പരിശോധിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ശാസ്ത്രജ്ഞരും ആണവ സംയോജന (Nuclear Fusion) വിദഗ്ദ്ധരും അടങ്ങുന്ന സംഘം വിശദമായ പഠനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് യാഥാർത്ഥ്യമായാൽ നമ്മുടെ വീടുകളിലെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ നിന്ന് വീട് മുഴുവൻ പ്രകാശിപ്പിക്കാനുള്ള ഊർജ്ജം കണ്ടെത്താനാകുമെന്ന സ്വപ്നത്തിലേക്ക് ലോകം ഒരുപടി കൂടി അടുക്കും.












