അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മലനിരകളിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:59 ഓടെയാണ് പ്രകമ്പനമുണ്ടായതെന്ന് ഇന്ത്യയിലെ നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 165 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് മാറി ഭൂമിക്കടിയിൽ 126 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്.
രാവിലെ ഉണ്ടായ ശക്തമായ കുലുക്കത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിറങ്ങി. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിലും അയൽരാജ്യങ്ങളായ പാകിസ്ഥാന്റെയും തജിക്കിസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഭൂചലനം വളരെ ആഴത്തിൽ സംഭവിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
സംഭവത്തിൽ തൽക്കാലം ആളപായമോ വലിയ തോതിലുള്ള വസ്തുവകകളുടെ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ ഏജൻസികളും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന മേഖലയായതിനാൽ ഹിന്ദു കുഷ് മലനിരകളിൽ ഭൂചലനങ്ങൾ പതിവാണെന്ന് ഭൂകമ്പ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.








